ഹോബാർട്ട്: ഓസ്ട്രേലിയയിലെ ടാസ്മാനിയയിൽ തൊഴിലവസരങ്ങൾ സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമായി വൻ പദ്ധതി പ്രഖ്യാപനം. ഫെഡറൽ സർക്കാരിന്റെ 2.6 മില്യൺ ഡോളർ നിക്ഷേപത്തിലൂടെ ടാസ്മാനിയയിലെ മുൻനിര പരിശീലന കേന്ദ്രമായ TasTAFE-ന്റെ അലൻവെയ്ൽ (Alanvale) ക്യാമ്പസിൽ ക്ലീൻ എനർജി പരിശീലന സൗകര്യങ്ങൾ വൻതോതിൽ വികസിപ്പിക്കുന്നു.
ലോൺസെസ്റ്റണിൽ സ്ഥിതിചെയ്യുന്ന ഈ കേന്ദ്രത്തിൽ ഫെഡറൽ സർക്കാരിന്റെ ക്ലീൻ എനർജി ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. സോളാർ സാങ്കേതികവിദ്യ, ഇലക്ട്രിക് വാഹനങ്ങൾ (EV), ബാറ്ററി സിസ്റ്റംസ് എന്നിവയിലുള്ള അത്യാധുനിക പ്രായോഗിക പരിശീലനത്തിനാണ് ഈ തുക പ്രധാനമായും വിനിയോഗിക്കുക. ഇലക്ട്രോ ടെക്നോളജി, ഓട്ടോമോട്ടീവ്, കൺസ്ട്രക്ഷൻ തുടങ്ങിയ മേഖലകളിൽ നിലവിൽ പരിശീലനം നൽകുന്ന ഈ കേന്ദ്രത്തിന്റെ വികസനം പ്രാദേശികമായിത്തന്നെ നൈപുണ്യമുള്ള തൊഴിലാളികളെ വാർത്തെടുക്കാൻ സഹായിക്കുമെന്ന് ഫെഡറൽ സ്കിൽസ് & ട്രെയിനിംഗ് മന്ത്രി ആൻഡ്രൂ ഗൈൽസ് വ്യക്തമാക്കി.
2028-ഓടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ വികസനം, ടാസ്മാനിയയിലെ മലയാളി വിദ്യാർത്ഥികൾക്കും പുതിയ കുടിയേറ്റക്കാർക്കും വലിയ നേട്ടമാകും. ഭാവിയിൽ വൻ തൊഴിൽ സാധ്യതകളുള്ള പുനരുപയോഗ ഊർജ്ജ (Clean Energy) മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുതിയ സൗകര്യങ്ങൾ മികച്ച അവസരമാണ് ഒരുക്കുന്നത്.

