പെർത്തിൽ അമ്മയെ കൊലപ്പെടുത്തി, സഹോദരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; 16-കാരൻ അറസ്റ്റിൽ

പെർത്ത്: സ്വന്തം അമ്മയെ കൊലപ്പെടുത്തുകയും 12 വയസ്സുകാരിയായ സഹോദരിയെ ക്രൂരമായി വധിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ 16-കാരനായ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ബെന്റ്‌ലിയിൽ നടന്ന ഈ ദാരുണ സംഭവം പോലീസിന്റെ ഹോമിസൈഡ് സ്ക്വാഡാണ് അന്വേഷിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ 6:15-ഓടെ ബെന്റ്‌ലിയിലെ മിൽസ് സ്ട്രീറ്റിലുള്ള വീട്ടിലാണ് സംഭവം നടന്നത്. പോലീസ് സ്ഥലത്തെത്തുമ്പോൾ 35 വയസ്സുകാരിയായ അമ്മ കൊല്ലപ്പെട്ട നിലയിലായിരുന്നു. അക്രമത്തിൽ ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ 12 വയസ്സുകാരിയായ സഹോദരി, വീട്ടിൽ നിന്നും രക്ഷപ്പെട്ട് 600 മീറ്ററോളം അകലെയുള്ള ആൽബനി ഹൈവേയിലേക്ക് ചോരയൊലിപ്പിച്ച് ഓടിയെത്തിയാണ് നാട്ടുകാരോട് സഹായം അഭ്യർത്ഥിച്ചത്. വിവരമറിഞ്ഞെത്തിയ പാരാമെഡിക്കൽ സംഘം കുട്ടിയെ പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

സംഭവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട യുവതിയുടെ മകനെ കൊലപാതകം, വധശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി പെർത്ത് ചിൽഡ്രൻസ് കോടതിയിൽ ഹാജരാക്കി. ഇതൊരു ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെക്കുറിച്ച് മുൻപും പോലീസിന് വിവരമുണ്ടായിരുന്നതായി ഡിറ്റക്ടീവ് ആക്ടിംഗ് ഇൻസ്പെക്ടർ ജെസ്സിക്ക സെക്യുറോ വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത പ്രതിയുടെയും ഇരകളുടെയും വിവരങ്ങൾ വെസ്റ്റേൺ ഓസ്ട്രേലിയൻ നിയമപ്രകാരം പുറത്തുവിട്ടിട്ടില്ല. പോലീസും ഫോറൻസിക് സംഘവും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *