ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആദ്യ പ്രതികരണത്തിന് പിന്നാലെയും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി കോക്രോച്ച് ജനത പാർട്ടി (CJP) അറിയിച്ചു. വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്നതിൽ പ്രധാനമന്ത്രിയുടെ പ്രതികരണം പര്യാപ്തമല്ലെന്നും സംഘടന വിമർശിച്ചു.
പരീക്ഷാ ചോർച്ച കേസുകളിൽ വേഗത്തിലുള്ള വിചാരണയ്ക്കായി ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വിദ്യാർഥികൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതാണെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്നും സി.ജെ.പി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ, നടപടികൾ പ്രഖ്യാപിക്കുന്നതിലുപരി ഉത്തരവാദിത്തം ഉറപ്പാക്കുകയാണ് വേണ്ടതെന്നും വിദ്യാഭ്യാസമന്ത്രി സ്ഥാനമൊഴിയാതെ പ്രതിഷേധം അവസാനിക്കില്ലെന്നും പറഞ്ഞു.
നീറ്റ് പേപ്പർ ചോർച്ചയെ തുടർന്ന് ആരംഭിച്ച വിദ്യാർഥി പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധത്തിന് പിന്തുണയുമായി പ്രതിപക്ഷവും രംഗത്തുണ്ടെങ്കിലും, വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ തുടരുന്നത്.

