റോമി കുര്യാക്കോസ്
ലിവർപൂൾ: ജനസേവനത്തിന്റെയും ലാളിത്യത്തിന്റെയും കരുതലിന്റെയും മഹത്തായ മാതൃകയായിരുന്ന മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച് ഐ.ഒ.സി (യു.കെ) – കേരള ചാപ്റ്റർ ലിവർപൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും സ്മൃതി സംഗമവും സംഘടിപ്പിച്ചു.
ജനകീയനും ജനപ്രിയനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഓർമ ദിനത്തോടനുബന്ധിച്ച് ഐ.ഓ.സി (യു.കെ) മിഡ്‌ലാൻഡ്‌സ് ഏരിയയുടെ നേതൃത്വത്തിൽ ‘നീതിമാന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ അനുസ്മരണ പരിപാടികളുടെ ഭാഗമായാണ് ലിവർപൂളിലും സ്മൃതി സംഗമം നടന്നത്.
യൂണിറ്റ് പ്രസിഡന്റ് പീറ്റർ പൈനാടത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് റവ. ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ ഉദ്ഘാടനം ചെയ്തു. ജനങ്ങളോട് എന്നും ചേർന്നുനിന്ന ജനനായകന്റെ സേവന പാരമ്പര്യവും ലളിതമായ ജീവിതശൈലിയും സാധാരണക്കാരുടെ പ്രശ്നങ്ങളിൽ അദ്ദേഹം നടത്തിയ ഇടപെടലുകളും ചടങ്ങിൽ പങ്കെടുത്തവർ സ്മരിച്ചു.
ഐ.ഒ.സി (യു.കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ജനങ്ങളുമായി നേരിട്ട് ബന്ധം പുലർത്തിയ അപൂർവ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹത്തിന്റെ സേവന മാതൃക എക്കാലവും പ്രചോദനമായി നിലനിൽക്കുമെന്നും അനുസ്മരണ സന്ദേശത്തിൽ ഇരുവരും അഭിപ്രായപ്പെട്ടു.
ഉമ്മൻ ചാണ്ടിയുടെ സമകാലികനും അടുത്ത സുഹൃത്തുമായിരുന്ന തമ്പി ജോസ് പങ്കുവെച്ച വ്യക്തിപരമായ അനുഭവങ്ങൾ ചടങ്ങിന് ഏറെ വൈകാരികത നൽകി. മുതിർന്ന മാധ്യമ പ്രവർത്തകൻ ടോം ജോസ് തടിയൻപാടും അനുസ്മരണ സന്ദേശം നൽകി.
വൈസ് പ്രസിഡന്റ് ജിറിൽ ജോർജ് സ്വാഗതവും റോയ് ജോസഫ് നന്ദിയും പറഞ്ഞു. ലിവർപൂൾ യൂണിറ്റ് ഭാരവാഹികളായ പീറ്റർ പൈനാടത്ത്, ജിറിൽ ജോർജ്, ജോഷി ജോസഫ്, എലിസബത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ ഏകോപിപ്പിച്ചത്. പരിപാടിക്ക് ശേഷം പങ്കെടുത്തവർക്കായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ ജനസേവന പാത പിന്തുടരാനുള്ള പ്രതിബദ്ധത പ്രഖ്യാപിച്ചുകൊണ്ടാണ് സ്മൃതി സംഗമം സമാപിച്ചത്.

