ബ്രിസ്ബേൻ, ജ: ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിൽ എ.ഐ. (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യ ഉപയോഗിച്ച് കുട്ടികളെ ഉൾപ്പെടുത്തിയ അശ്ലീല ദൃശ്യങ്ങൾ സൃഷ്ടിച്ചെന്നാരോപിച്ച് ഗോൾഡ് കോസ്റ്റിലെ മുൻ അധ്യാപകൻ റോബർട്ട് ജോൺ തോമസിനെ (73) പൊലീസ് അറസ്റ്റ് ചെയ്ത് വിവിധ കുറ്റങ്ങൾ ചുമത്തി.
അറുണ്ടലിലെ എ.ബി. പാറ്റേഴ്സൺ കോളേജിലെ മുൻ അധ്യാപകനായ തോമസ് സ്കൂൾ നൽകിയ ലാപ്ടോപ്പും എ.ഐ. സോഫ്റ്റ്വെയറും ഉപയോഗിച്ച് കുട്ടികളെയും മുതിർന്നവരെയും ചിത്രീകരിക്കുന്ന അശ്ലീല ദൃശ്യങ്ങൾ സൃഷ്ടിച്ചെന്നാണ് കേസ്. കുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ നിർമിച്ചതിനും കൈവശംവെച്ചതിനും, നിയന്ത്രിത കമ്പ്യൂട്ടർ ദുരുപയോഗം ചെയ്തതിനും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കം കൈവശംവെച്ചതിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകനെ സ്കൂൾ സർവീസിൽ നിന്ന് പുറത്താക്കുകയും തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കുകയും ചെയ്തു. കേസ് ഓഗസ്റ്റ് 6-ന് സൗത്ത്പോർട്ട് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയ്ക്ക് വരും.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ക്വീൻസ്ലൻഡ് പൊലീസിനെ അറിയിച്ചതായും ബന്ധപ്പെട്ട അധ്യാപകന്റെ സേവനം അവസാനിപ്പിച്ച് അന്വേഷണവുമായി പൂർണമായി സഹകരിച്ചുവരികയാണെന്നും സ്കൂൾ പ്രിൻസിപ്പൽ ജോയാൻ ഷീഹി അറിയിച്ചു. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും അവർ പറഞ്ഞു.
കുട്ടികളെ ചൂഷണം ചെയ്യുന്ന ഉള്ളടക്കം സൃഷ്ടിക്കാൻ എ.ഐ. ഉപയോഗിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്നും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ക്വീൻസ്ലൻഡ് പൊലീസ് തുടരുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

