ഗുവാഹത്തി: അസമിലെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 62 ആയി ഉയർന്നു. സംസ്ഥാനത്തെ 12 ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ചില പ്രദേശങ്ങളിൽ ജലനിരപ്പ് താഴ്ന്നുതുടങ്ങിയെങ്കിലും സ്ഥിതി ഇപ്പോഴും ഗുരുതരമാണെന്ന് അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (ASDMA) അറിയിച്ചു.
പ്രളയജലത്തിൽ 856 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്. 56,000 ഹെക്ടറിലധികം കൃഷിയിടങ്ങൾ നശിച്ചു. ശിവസാഗർ, ചരൈദിയോ, ജോർഹട്ട് ജില്ലകളാണ് ഏറ്റവും കൂടുതൽ ബാധിതമായത്. ദുരിതബാധിതർക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്ഷാകേന്ദ്രങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട്.
സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി സംസാരിച്ച് വിലയിരുത്തി. ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രത്തിന്റെ പൂർണ പിന്തുണ ഉറപ്പുനൽകിയതായും അധികൃതർ അറിയിച്ചു.

