പ്രതിസന്ധികളെ അതിജീവിച്ച് നാലാം തലമുറ തേനീച്ച കർഷക സോഫിയ

ഓസ്‌ട്രേലിയ: പ്രതിസന്ധികളോട് പൊരുതി തേനീച്ചവളർത്തൽ മേഖലയിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച് നാലാം തലമുറ തേനീച്ചകർഷകയായ സോഫിയ ക്രോക്കർ. ന്യൂ സൗത്ത് വെയിൽസിലെയും വിക്ടോറിയയിലെയും ഗ്രാമപ്രദേശങ്ങളിലൂടെ നൂറുകണക്കിന് തേനീച്ചക്കൂടുകളുമായി സഞ്ചരിക്കുന്ന 23കാരിയായ സോഫിയ, കടുത്ത പ്രതിസന്ധികൾക്കിടയിലും ഈ രംഗത്ത് മാതൃകയാകുകയാണ്. പതിനെട്ടാം വയസ്സിൽ 40,000 ഡോളർ വായ്പയെടുത്ത് 120 കൂടുകളുമായി പ്രവർത്തനം തുടങ്ങിയ ഇവർ, ഇന്ന് പിതാവിനൊപ്പം രണ്ടായിരത്തോളം കൂടുകൾ വരെ കൈകാര്യം ചെയ്യുന്നുണ്ട്.

വരോവ മൈറ്റ് രോഗബാധ, ഉയർന്ന ഇന്ധനവില, ചികിത്സാച്ചെലവ്, വിദേശത്ത് നിന്നുള്ള ഇറക്കുമതി തേനിന്റെ കടുത്ത മത്സരം എന്നിവ കാരണം ഓസ്‌ട്രേലിയയിലെ തേനീച്ചവളർത്തൽ മേഖല നിലവിൽ വലിയ തിരിച്ചടിയാണ് നേരിടുന്നത്. തേൻ ഉൽപ്പാദനം മാത്രം മുൻപോട്ടു കൊണ്ടുപോകാൻ ലാഭകരമല്ലാത്തതിനാൽ ബദാം ഉൾപ്പെടെയുള്ള വിളകളുടെ പരാഗണവും സോഫിയയുടെ പ്രധാന വരുമാനമാർഗമായി മാറ്റിയിട്ടുണ്ട്. ‘ദി ബീ ഡ്രോവർ’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ തന്റെ തൊഴിൽ അനുഭവങ്ങൾ പങ്കുവെക്കുന്ന സോഫിയ, പ്രാദേശിക തേനീച്ചകർഷകരെ സംരക്ഷിക്കണമെന്നും വ്യാജവും മായം ചേർത്തതുമായ തേനിന്റെ വിപണനത്തിനെതിരെ ശക്തമായ നടപടികൾ ഉണ്ടാകണമെന്നും ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *