ന്യൂഡൽഹി: എറണാകുളം സൗത്ത് ചിറ്റൂരിലെ സെന്റ് മേരീസ് അപ്പർ പ്രൈമറി സ്കൂൾ അധ്യാപകൻ അഭിലാഷ് ജി. പ്രതാപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രശംസിച്ചു. ഫുട്ബോളിനെയും സംസ്കൃത പഠനത്തെയും സമന്വയിപ്പിച്ച അദ്ദേഹത്തിന്റെ ‘അക്ഷരകന്ദുകം’ എന്ന നവീന പഠനപദ്ധതിയാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം നേടിയത്.
ഫുട്ബോളിൽ ഉപയോഗിക്കുന്ന പദങ്ങളുമായി ബന്ധപ്പെടുത്തി സംസ്കൃത അക്ഷരങ്ങൾ വിദ്യാർഥികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കിക്കൊടുക്കുന്ന രീതിയിലാണ് ‘അക്ഷരകന്ദുകം’ പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള നവീന അധ്യാപനരീതികൾ പഠനം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനൊപ്പം കായികരംഗത്തോടുള്ള കുട്ടികളുടെ താൽപര്യവും വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ലോകകപ്പ് ഫുട്ബോൾ ആവേശം നിറഞ്ഞിരുന്ന കാലഘട്ടത്തിലാണ് അഭിലാഷ് ജി. പ്രതാപ് ഈ ആശയവുമായി വിദ്യാർഥികൾക്കിടയിലേക്ക് എത്തിയത്. പഠനത്തെ ലളിതവും ആകർഷകവുമാക്കുന്ന ഇത്തരം ശ്രമങ്ങൾ രാജ്യത്തെ വിദ്യാഭ്യാസരംഗത്തിന് മാതൃകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

