എ ഐ പരിശീലനത്തിന് വാർത്താ ഉള്ളടക്കം ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമല്ലെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ചാറ്റ് ജി പി ടി യുടെ പരിശീലനത്തിനായി വാർത്താ ഏജൻസിയായ എ എൻ ഐയുടെ വാർത്താ ഉള്ളടക്കം ഉപയോഗിച്ചതിലൂടെ പ്രഥമദൃഷ്ട്യാ പകർപ്പവകാശ ലംഘനം നടന്നിട്ടില്ലെന്ന് ഡൽഹി ഹൈക്കോടതി. വിഷയത്തിൽ OpenAIക്കെതിരെ ഇടക്കാല വിലക്ക് ആവശ്യപ്പെട്ട് ANI നൽകിയ ഹർജി കോടതി തള്ളി.

ജസ്റ്റിസ് അമിത് ബൻസാലിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ChatGPT സൃഷ്ടിക്കുന്ന മറുപടികൾ ANIയുടെ യഥാർഥ വാർത്തകളുടെ ഗണ്യമായ പകർപ്പാണെന്ന് തെളിയിക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. AI മോഡലുകളുടെ പരിശീലനത്തിനായി പൊതുവിൽ ലഭ്യമായ വിവരങ്ങൾ ഉപയോഗിക്കുന്നത് നിലവിലെ സാഹചര്യത്തിൽ പകർപ്പവകാശ നിയമത്തിലെ ‘ഫെയർ ഡീലിംഗ്’ വ്യവസ്ഥയുടെ പരിധിയിൽ വരാൻ സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.

OpenAIയ്ക്ക് എതിരെ ഇടക്കാല വിലക്ക് അനുവദിച്ചാൽ കമ്പനിക്കും പൊതുതാൽപര്യത്തിനും തിരിച്ചടിയാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം, കേസിലെ അന്തിമതീർപ്പ് പിന്നീട് വിശദമായ വിചാരണയ്ക്കുശേഷമായിരിക്കും ഉണ്ടാകുക.

2024-ലാണ് അനുമതിയില്ലാതെ തങ്ങളുടെ വാർത്താ ഉള്ളടക്കം ChatGPTയുടെ പരിശീലനത്തിനായി ഉപയോഗിച്ചെന്നും, വ്യാജവിവരങ്ങൾ ANIയുടെ പേരിൽ പ്രചരിപ്പിച്ചെന്നും ആരോപിച്ച് ANI ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. AI പരിശീലനവും പകർപ്പവകാശ നിയമവും സംബന്ധിച്ച ഇന്ത്യയിലെ ആദ്യ സുപ്രധാന നിയമപോരാട്ടങ്ങളിലൊന്നായാണ് ഈ കേസ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *