കേരള ഹൗസിൽ പൊതുജനങ്ങൾക്കുള്ള ഓണസദ്യ ബുക്കിംഗ് ഇന്ന് മുതൽ

ന്യൂഡൽഹി: കേരള ഹൗസിലെ ഔദ്യോഗിക ഓണാഘോഷത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കുള്ള ഓണസദ്യയുടെ ബുക്കിംഗ് ഇന്ന് (ജൂലൈ 28) മുതൽ ആരംഭിക്കും. കേരള ഹൗസിലെ സ്റ്റാഫ് കാന്റിൻ സമൃദ്ധിക്ക് സമീപത്ത് സജ്ജമാക്കിയ കൗണ്ടറിൽ നിന്നും രാവിലെ 11 മണി മുതൽ 3 മണി വരെ കൂപ്പൺ ലഭിക്കുന്നതാണ്.

കേരളത്തിൻ്റെ പരമ്പരാഗത രീതിയിലുള്ള വിഭവങ്ങളും മൂന്ന് കൂട്ടം പായസവുമടക്കം 27 ഓളം ഇനങ്ങൾ ഉൾപ്പെടുന്നതാണ് ഓണസദ്യ. ഒരു സദ്യയ്ക്ക് 500 രൂപയാണ് നിരക്ക്. നിശ്ചിത എണ്ണം കൂപ്പണുകൾ മാത്രമാണ് വിൽപനയ്ക്കുള്ളത്. ലഭ്യതയ്ക്കനുസരിച്ച് ഓഗസ്റ്റ് 17 വരെ വിൽപനയുണ്ടാകും. കൂപ്പൺ വാങ്ങാനെത്തുന്നവർ തിരിച്ചറിയൽ കാർഡ് ഹാജരാക്കേണ്ടതാണ്.

പ്രത്യേകം സജ്ജീകരിച്ച പന്തലിൽ ഓഗസ്റ്റ് 23 ഞായറാഴ്ചയാണ് പൊതുജനങ്ങൾക്കായി ഓണസദ്യ ഒരുക്കുന്നത്. അന്നേ ദിവസം രാവിലെ 11:30 മുതൽ ഉച്ചയ്ക്ക് 3:30 വരെയാണ് സദ്യ ലഭിക്കുക. കൂപ്പണിൽ രേഖപ്പെടുത്തിയ സമയക്രമം പാലിച്ച് വേണം ആളുകൾ സദ്യയ്ക്ക് എത്താൻ.

ഓണസദ്യയ്ക്കുള്ള കൂപ്പൺ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 9947368768, 9446388251 എന്നീ ഹെൽപ് ഡെസ്ക് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *