ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് പാരാ അത്ലറ്റിക്സിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണമെഡൽ നേടി ഷർമിള ധൻകർ ചരിത്രം കുറിച്ചു. വനിതകളുടെ ഷോട്ട്പുട്ട് എഫ്57 വിഭാഗത്തിൽ സീസണിലെ മികച്ച പ്രകടനമായ 9.81 മീറ്റർ ദൂരം എറിഞ്ഞാണ് 40കാരിയായ താരം സ്വർണം സ്വന്തമാക്കിയത്. ഇതോടെ കോമൺവെൽത്ത് ഗെയിംസ് പാരാ അത്ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ഷർമിള സ്വന്തമാക്കി. ഇന്ത്യയുടെ 20 വർഷത്തെ പാരാ അത്ലറ്റിക്സ് മെഡൽ കാത്തിരിപ്പിനും ഇതോടെ വിരാമമായി.
അതേ ഇനത്തിൽ മത്സരിച്ച ഇന്ത്യയുടെ ശിൽപ കെ. ഷൈല ആദ്യഫലപ്രഖ്യാപനത്തിൽ നാലാം സ്ഥാനത്തായിരുന്നു. എന്നാൽ ഇന്ത്യ നൽകിയ പ്രതിഷേധത്തെത്തുടർന്നുള്ള ഔദ്യോഗിക പരിശോധനയിൽ നൈജീരിയൻ താരത്തിന്റെ ശ്രമം ഫൗളായി വിധിച്ചതോടെ ശിൽപയ്ക്ക് വെങ്കല മെഡൽ ലഭിച്ചു. ഇതോടെ വനിതകളുടെ ഷോട്ട്പുട്ട് എഫ്57 ഇനത്തിൽ ഇന്ത്യ സ്വർണവും വെങ്കലവും നേടി.
രണ്ടാം വയസ്സിൽ പോളിയോ ബാധിച്ച് ഇടത് കാലിന് വൈകല്യമുണ്ടായ ഷർമിള ഈ വർഷം ഫസ്സാ ഇന്റർനാഷണൽ പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും സ്വർണം നേടിയിരുന്നു. 2022ലെ ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ നാലാം സ്ഥാനത്തായിരുന്നു അവരുടെ നേട്ടം.

