ന്യൂഡൽഹി: ആഗോള ഭരണസംവിധാനത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ സംവിധാനത്തിൽ അധികാരം ഏതാനും രാജ്യങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ, കൂടുതൽ സമത്വവും പങ്കാളിത്തവും ഉറപ്പാക്കുന്ന സംവിധാനത്തിലേക്ക് മാറണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മോദി.
‘ഗ്ലോബൽ സൗത്ത്’ രാജ്യങ്ങൾ ആഗോള നിയമങ്ങൾ പിന്തുടരുന്നവരായി മാത്രം തുടരാതെ അവ രൂപപ്പെടുത്തുന്നതിലും നിർണായക പങ്ക് വഹിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. നിലവിലെ ‘പിരമിഡ് ഓഫ് പ്രിവിലേജ്’ എന്ന ഘടനയ്ക്ക് പകരം ‘പ്ലാറ്റ്ഫോം ഓഫ് പാർട്ണർഷിപ്പ്’ എന്ന സമീപനമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള ആഗോള സ്ഥാപനങ്ങളിൽ പരിഷ്കാരം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ മോദി, യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കരണത്തിനായുള്ള ചർച്ചകൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. വികസ്വര രാജ്യങ്ങൾക്ക് ആഗോള തീരുമാനമെടുക്കൽ സംവിധാനങ്ങളിൽ കൂടുതൽ പ്രാതിനിധ്യം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള ഭരണപരിഷ്കരണത്തിനായി 10 നിർദേശങ്ങൾ മുന്നോട്ടുവച്ച മോദി, അടുത്ത ബ്രിക്സ് ഉച്ചകോടിയോടെ ഇവയെ അടിസ്ഥാനമാക്കി ‘ബ്രിക്സ് റിഫോം റോഡ്മാപ്പ്’ രൂപപ്പെടുത്തണമെന്നും നിർദേശിച്ചു. പുതിയ സാങ്കേതികവിദ്യകൾ, പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോടെക്നോളജി, ക്വാണ്ടം കംപ്യൂട്ടിങ് തുടങ്ങിയ മേഖലകളിലെ ആഗോള ഭരണത്തിലും വികസ്വര രാജ്യങ്ങൾക്ക് നിർണായക പങ്കാളിത്തം വേണമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള സ്ഥാപനങ്ങൾ ഇന്നത്തെ സാമ്പത്തിക-രാഷ്ട്രീയ യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ കൂടുതൽ പ്രതിനിധികവും ഉത്തരവാദിത്തമുള്ളതുമാകണമെന്ന നിലപാടാണ് ബ്രിക്സ് രാജ്യങ്ങൾ സ്വീകരിച്ചത്. ഇതിനോടനുബന്ധിച്ച് ന്യൂഡൽഹി പ്രഖ്യാപനം 2026 അംഗരാജ്യങ്ങൾ ഏകകണ്ഠമായി അംഗീകരിച്ചു. ആഗോള ഭരണപരിഷ്കാരം, സാമ്പത്തിക സഹകരണം, സുസ്ഥിര വികസനം, സമാധാനം തുടങ്ങിയ വിഷയങ്ങൾ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

