ടോക്കിയോ: ജപ്പാനിലെ ക്യൂഷു ദ്വീപിലെ കുമാമോട്ടോ പ്രവിശ്യയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജപ്പാൻ കാലാവസ്ഥാ ഏജൻസി (JMA) റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് പരമാവധി ഒരു മീറ്റർ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.
കുമാമോട്ടോ ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിലെ ജനങ്ങളോട് കടൽത്തീരങ്ങളിൽ നിന്ന് മാറിനിൽക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും ആവശ്യപ്പെട്ടു. ഭൂചലനത്തെ തുടർന്ന് വൈദ്യുതി വിതരണം, ഗതാഗതം എന്നിവയിൽ ചില മേഖലകളിൽ തടസ്സമുണ്ടായതായും സർക്കാർ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും റിപ്പോർട്ടുണ്ട്.
ഭൂചലനത്തിന് പിന്നാലെ ആണവ നിലയങ്ങളിൽ അസാധാരണ സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ഉണ്ടായ വിലയിരുത്തലിൽ സുനാമി മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി നിർദേശിച്ചു.

