എഥനോൾ സമിശ്രണ പദ്ധതി; ഭക്ഷ്യസുരക്ഷ അട്ടിമറിക്കപ്പെടുന്നില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം

ന്യൂഡൽഹി: ഇന്ധനത്തിൽ എഥനോൾ കലർത്തുന്ന (EBP) പദ്ധതി വഴി രാജ്യത്തെ ഭക്ഷ്യസുരക്ഷ അപകടത്തിലാകുന്നുവെന്ന ആരോപണങ്ങൾ തള്ളി കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം. സർക്കാരിന്റെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പൊതുവിതരണ സമ്പ്രദായവും (PDS) പൂർണ്ണമായും സംരക്ഷിച്ചുകൊണ്ട് മാത്രമാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (NFSA), പൊതുവിതരണ സമ്പ്രദായം, വിവിധ ക്ഷേമപദ്ധതികൾ, ആവശ്യമായ ബഫർ സ്റ്റോക്ക് എന്നിവയ്ക്കുള്ള ഭക്ഷ്യധാന്യങ്ങൾ പൂർണ്ണമായി മാറ്റിവെച്ച ശേഷം മാത്രമാണ് ബാക്കി വരുന്നത് എഥനോൾ നിർമ്മാണത്തിന് അനുവദിക്കുന്നത്. മനുഷ്യർക്ക് കഴിക്കാൻ യോഗ്യമല്ലാത്തതും കേടുവന്നതുമായ ധാന്യങ്ങളും അരിയുടെ പൊടികളും മാത്രമാണ് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ അനുമതിയോടെ ഡിസ്റ്റിലറികൾക്ക് നൽകുന്നത്.

ഗുദാമുകളിൽ കിടന്ന് നശിച്ചുപോകാൻ സാധ്യതയുള്ള ധാന്യങ്ങൾ ഇന്ധനമാക്കി മാറ്റുന്നത് വഴി കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാനും ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവ് കുറയ്ക്കാനും സാധിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഭാവിയിൽ ഭക്ഷ്യധാന്യങ്ങളെ ആശ്രയിക്കുന്നത് പൂർണ്ണമായി ഒഴിവാക്കാൻ കാർഷിക അവശിഷ്ടങ്ങളിൽ നിന്ന് ‘2G എഥനോൾ’ ഉൽപ്പാദിപ്പിക്കുന്ന പ്രധാനമന്ത്രി ജീവൻ (JI-VAN) പദ്ധതി വേഗത്തിൽ വ്യാപിപ്പിച്ചു വരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *