ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ കാര്യ സമിതി (CCS) യോഗം ന്യൂഡൽഹിയിൽ ചേർന്നു.
മേഖലയിലെ സംഭവവികാസങ്ങൾ പതിവായി നിരീക്ഷിക്കുന്നതിന് ഏകോപിതവും സമഗ്രവുമായ സംവിധാനം ഒരുക്കണമെന്ന് യോഗത്തിൽ പ്രധാനമന്ത്രി നിർദേശം നൽകി. നാവികർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആവശ്യമായ വിവരങ്ങൾ, അടിയന്തര സഹായം, കൗൺസിലിംഗ് എന്നിവ സമയബന്ധിതമായി ലഭ്യമാക്കുന്ന തിന് പ്രത്യേക സംവിധാനം രൂപീകരിക്കണം. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് പ്രവാസി ഇന്ത്യക്കാരെ സംരക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്നും പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി.

