സിഡ്നി: ഓസ്ട്രേലിയയിൽ താമസിക്കുന്ന അന്താരാഷ്ട്ര സന്ദർശകർ, വിദ്യാർത്ഥികൾ, വിവിധ വിസ ഉടമകൾ ഉൾപ്പെടെയുള്ള എല്ലാവർക്കും ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ABS) നടത്തുന്ന സെൻസസിൽ പങ്കെടുക്കുന്നത് നിർബന്ധമാക്കി. കൃത്യസമയത്ത് നടപടികൾ പൂർത്തിയാക്കാത്തവരിൽ നിന്ന് സെൻസസ് അവസാന തീയതി മുതൽ പൂർത്തിയാക്കുന്നതുവരെ പ്രതിദിനം ഏകദേശം 364 ഓസ്ട്രേലിയൻ ഡോളർ വരെ പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഓഗസ്റ്റ് 11 രാത്രി നിങ്ങളുടെ വസതിയിൽ ഉണ്ടാകുന്ന എല്ലാവരെയും സെൻസസ് വിവരങ്ങളിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. നാട്ടിൽ നിന്ന് സന്ദർശനത്തിനെത്തിയ മാതാപിതാക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരും ഇതിന്റെ പരിധിയിൽ വരും. അന്നേ ദിവസം നൈറ്റ് ഡ്യൂട്ടിയിലുള്ളവരും വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്. സെൻസസ് നടപടികൾ ഇപ്പോൾ മുതൽ തന്നെ ആരംഭിക്കാവുന്നതാണ്.
നിങ്ങളുടെ തപാൽ പെട്ടിയിൽ ലഭിക്കുന്ന കത്തിലെ പ്രത്യേക ‘സെൻസസ് നമ്പർ’ ഉപയോഗിച്ച് www.census.abs.gov.au എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താം. കത്ത് ലഭിക്കാത്തവർ 1800 130 250 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് പേപ്പർ ഫോം ആവശ്യപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

