തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴ തുടരുകയും വിവിധ ജില്ലകളിൽ ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, ദുരിതാവസ്ഥ എന്നിവ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കലക്ടർമാരുമായും സ്ഥിതിഗതികൾ വിലയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലാ കലക്ടർമാരുടെയും യോഗം വിളിച്ചിട്ടുണ്ടെന്നും ദേശീയ ദുരന്തനിവാരണ സേന (NDRF), പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, മറ്റ് അടിയന്തര സേവന വിഭാഗങ്ങൾ എന്നിവയെ സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഉരുൾപൊട്ടൽ സാധ്യതയുള്ളതും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതുമായ പ്രദേശങ്ങളിലെ ജനങ്ങൾ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. ദുരിതബാധിതർക്കുള്ള രക്ഷാപ്രവർത്തനവും പുനരധിവാസ നടപടികളും വേഗത്തിലാക്കാൻ സർക്കാർ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

