ന്യൂഡൽഹി: വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ (WEF) 2026 ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ടിൽ 145 രാജ്യങ്ങളിൽ ഇന്ത്യ 131-ാം സ്ഥാനത്ത്. കഴിഞ്ഞ വർഷവും ഇന്ത്യ ഇതേ സ്ഥാനത്തായിരുന്നു. രാജ്യത്തിന്റെ മൊത്തം ലിംഗസമത്വ സ്കോർ 64.5 ശതമാനമാണ്. ആഗോള ശരാശരി 69.2 ശതമാനമാണ്.
വിദ്യാഭ്യാസ നേട്ടത്തിൽ ഇന്ത്യ 96.6 ശതമാനം ലിംഗസമത്വം കൈവരിച്ചിട്ടുണ്ട്. സാമ്പത്തിക പങ്കാളിത്തവും അവസരങ്ങളും എന്ന വിഭാഗത്തിൽ സ്കോർ 41.2 ശതമാനമാണ്. ആരോഗ്യവും അതിജീവനവും വിഭാഗത്തിൽ 95.6 ശതമാനവും രാഷ്ട്രീയ ശാക്തീകരണത്തിൽ 24.5 ശതമാനവുമാണ് ഇന്ത്യയുടെ സ്കോർ.
രാഷ്ട്രീയ ശാക്തീകരണ വിഭാഗത്തിൽ ഇന്ത്യ 67-ാം സ്ഥാനത്താണ്. അതേസമയം, മുതിർന്ന മാനേജ്മെന്റ് സ്ഥാനങ്ങളിലെ സ്ത്രീകളുടെ പ്രതിനിധാനം ഉൾപ്പെടെയുള്ള സാമ്പത്തിക മേഖലകളിൽ വലിയ ലിംഗവ്യത്യാസം തുടരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പട്ടികയിൽ ഐസ്‌ലൻഡ് ഒന്നാം സ്ഥാനത്തും ഫിൻലൻഡ് രണ്ടാമതും നോർവേ മൂന്നാമതുമാണ്. ആഗോളതലത്തിൽ ലിംഗവ്യത്യാസത്തിന്റെ 69.2 ശതമാനം മാത്രമാണ് അടച്ചിട്ടുള്ളത്. നിലവിലെ പുരോഗതിയുടെ വേഗം തുടർന്നാൽ പൂർണ ലിംഗസമത്വത്തിലെത്താൻ ഏകദേശം 120 വർഷം വേണ്ടിവരുമെന്നാണ് WEF വിലയിരുത്തൽ.

