തിരുവനന്തപുരം: പൊന്മുടിയിൽ വെള്ളിയാഴ്ച രാത്രി പെയ്ത ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം താത്കാലികമായി അടച്ചു. സുരക്ഷാ കാരണങ്ങളാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
കല്ലാർ–പൊന്മുടി റോഡിലെ 12-ാം വളവിലും 22-ാം വളവിന് സമീപമുള്ള ഇടിയൻകോവിൽ ഭാഗത്തുമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതിനെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരും ഫയർ ആൻഡ് റെസ്ക്യൂ സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
മഴ തുടരാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർഥിച്ചു.

