തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയിലെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയും നെയ്യാർ ഡാമിലെ ജലനിരപ്പ് ഉയരുകയും ചെയ്ത സാഹചര്യത്തിൽ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. ഇന്ന് രാവിലെ നാല് ഷട്ടറുകളും 20 സെന്റീമീറ്റർ വീതമാണ് ഉയർത്തിയതെന്ന് അധികൃതർ അറിയിച്ചു.
ഡാമിൽ നിന്ന് കൂടുതൽ വെള്ളം നെയ്യാർ നദിയിലേക്ക് ഒഴുകുന്നതിനാൽ ഡാമിന് സമീപ പ്രദേശങ്ങളിലും നെയ്യാർ നദിയുടെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ ഭരണകൂടം നിർദേശിച്ചു. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
നദിയിൽ ഇറങ്ങുന്നതും മറ്റ് അപകടസാധ്യതയുള്ള പ്രവർത്തനങ്ങളും ഒഴിവാക്കണമെന്നും, അടിയന്തര സാഹചര്യം നേരിടാൻ റവന്യൂ, ഫയർ ആൻഡ് റെസ്‌ക്യൂ ഉൾപ്പെടെയുള്ള വകുപ്പുകൾ സജ്ജമാണെന്നും അധികൃതർ അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

