ആലുവ: പെരിയാറിലെ വിവിധ പോയിന്റുകളിൽ ജലനിരപ്പ് ഉയരുന്നതായി കേന്ദ്ര ജല കമ്മീഷന്റെയും റവന്യൂ അധികൃതരുടെയും മുന്നറിയിപ്പ്. ആലുവ മണപ്പുറം നടപ്പാലത്തിന്റെ ദൃശ്യങ്ങളിൽ ജലനിരപ്പ് ക്രമാനുഗതമായി ഉയരുന്നതായി വ്യക്തമാകുന്നുണ്ട്. ഓഗസ്റ്റ് 1 ഉച്ചയ്ക്ക് 12.30-ലെ കണക്കനുസരിച്ച് പെരിയാറിലെ പ്രധാന കേന്ദ്രങ്ങളിലെ ജലനിരപ്പ് താഴെ പറയുന്ന രീതിയിലാണ്:
ആലുവ മാർത്താണ്ഡവർമ്മ പോയിന്റ്: നിലവിലെ ജലനിരപ്പ് 2.81 മീറ്ററാണ്. ഇവിടെ മുന്നറിയിപ്പ് നിരപ്പ് 3.190 മീറ്ററും അപകട നില 4.450 മീറ്ററുമാണ്.
കാലടി പോയിന്റ്: നിലവിലെ ജലനിരപ്പ് 6.870 മീറ്ററിലേക്ക് ഉയർന്നതോടെ മുന്നറിയിപ്പ് നിരപ്പായ 6.920 മീറ്ററിന് തൊട്ടടുത്തെത്തി. ഇവിടെ അപകട നില 8.720 മീറ്ററാണ്. ജലനിരപ്പ് തുടർച്ചയായി ഉയരുന്ന പ്രവണതയാണുള്ളത്.
മംഗള പുഴ പോയിന്റ്: നിലവിൽ 2.690 മീറ്ററാണ് ജലനിരപ്പ്. മുന്നറിയിപ്പ് നിരപ്പ് 4.35 മീറ്ററും അപകട നില 5.380 മീറ്ററുമാണ്. ഇവിടെയും ജലനിരപ്പ് ഉയരുന്ന പ്രവണതയാണുള്ളത്.
തീരദേശവാസികളും പുഴയോരങ്ങളിൽ ഉള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

