മെൽബൺ: ദശലക്ഷക്കണക്കിന് ഓസ്‌ട്രേലിയക്കാർക്ക് കടുത്ത ചൂടും സാധാരണ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ മഴയും ലഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (BoM) മുന്നറിയിപ്പ്. വരും മാസങ്ങളിൽ എൽ നിനോ (El Niño) പ്രതിഭാസം കൂടുതൽ ശക്തമാകുമെന്നും, ഇത് ഓസ്‌ട്രേലിയയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ ഉയർന്ന താപനിലയ്ക്കും മഴക്കുറവിനും കാരണമാകുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
സാധാരണയായി എൽ നിനോ പ്രതിഭാസം മഴ കുറയുക, അന്തരീക്ഷ താപനില ഉയരുക, തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങൾ, ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ എണ്ണം കുറയുക, ചില പ്രദേശങ്ങളിൽ കാട്ടുതീ ഭീഷണി വർദ്ധിക്കുക, മഞ്ഞുവീഴ്ച കുറയുക എന്നിവയ്ക്ക് കാരണമാകാറുണ്ട്. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലെ ദീർഘകാല കാലാവസ്ഥാ പ്രവചനം പുറത്തുവിട്ടുകൊണ്ടാണ് ബി.ഒ.എം എൽ നിനോ സ്ഥിരീകരിച്ചത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ താപനില വ്യതിയാനങ്ങളെ സൂചിപ്പിക്കുന്ന ‘ഇന്ത്യൻ ഓഷ്യൻ ഡിപോൾ’ (IOD) നിലവിൽ നിഷ്പക്ഷമായി (Neutral) തുടരുകയാണെങ്കിലും, ശൈത്യകാലത്ത് ഇത് പോസിറ്റീവ് അവസ്ഥയിലേക്ക് മാറിയേക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഓസ്‌ട്രേലിയയിൽ പെയ്യുന്ന മഴയുടെ അളവിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണിത്.
വടക്കൻ ഓസ്‌ട്രേലിയയിൽ കാട്ടുതീ സീസൺ ആരംഭിച്ചതായി മുതിർന്ന ഹൈഡ്രോളജിസ്റ്റ് ഡോ. പോൾ ഫെയ്കെമ പറഞ്ഞു. മുൻപ് ലഭിച്ച കനത്ത മഴ കാരണം സസ്യവളർച്ച കൂടിയത് കാട്ടുതീ പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. നിലവിൽ രാജ്യത്തിന്റെ പലഭാഗങ്ങളിലും മണ്ണിൽ ഈർപ്പം ശരാശരി നിലയിലാണെങ്കിലും, കിഴക്കൻ-പടിഞ്ഞാറൻ മേഖലകളിൽ മണ്ണ് വരണ്ടുതുടങ്ങിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ കിഴക്കൻ, തെക്കൻ, വടക്കൻ മേഖലകളിൽ വരും മാസങ്ങളിൽ ശരാശരിയിലും കുറവ് മഴ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

