റിയാദ്: ഇറാനുമായുള്ള സംഘർഷം കൂടുതൽ രൂക്ഷമാക്കുന്ന നടപടികളിൽ നിന്ന് പിന്മാറണമെന്ന് സൗദി അറേബ്യയുടെ ഭരണനേതാവും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് അഭ്യർഥിച്ചു. ഇരുവരും ശനിയാഴ്ച നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഈ ആവശ്യം ഉന്നയിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇറാനെതിരായ പുതിയ സൈനിക നടപടികൾ സ്വീകരിച്ചാൽ തിരിച്ചടിയായി സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ എണ്ണ ഉൽപാദന-വിതരണ കേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന ആശങ്ക മുഹമ്മദ് ബിൻ സൽമാൻ ട്രംപിനെ അറിയിച്ചു. മേഖലയിലെ സംഘർഷം വ്യാപിക്കുന്നത് ആഗോള സുരക്ഷയെയും ഊർജവിതരണത്തെയും ബാധിക്കുമെന്ന വിലയിരുത്തലും അദ്ദേഹം പങ്കുവെച്ചതായി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കഴിഞ്ഞ ആഴ്ച ഇറാഖിലെ ഇറാൻ അനുകൂല സായുധസംഘങ്ങൾക്കെതിരായ അമേരിക്കൻ ആക്രമണത്തിൽ സൗദി അറേബ്യ പങ്കാളിയായിരുന്നെങ്കിലും, നിലവിലെ സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന് നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്നാണ് സൗദിയുടെ നിലപാട്.

