ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ പ്രക്ഷോഭത്തിന് പിന്നാലെ അടുത്തഘട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി കോക്രോച്ച് ജനത പാർട്ടി (സിജെപി) മഹാരാഷ്ട്രയിൽ ദ്വിദിന തന്ത്രയോഗം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 5, 6 തീയതികളിൽ ഛത്രപതി സംഭാജിനഗറിലാണ് യോഗം നടക്കുക.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ യുവാക്കളെയും വിദ്യാർഥികളെയും നേരിൽ കണ്ട് അവരുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും കേൾക്കുന്നതിനായി രാജ്യവ്യാപക ‘ലിസണിംഗ് ടൂർ’ സംഘടിപ്പിക്കാനും യോഗത്തിൽ രൂപരേഖ തയ്യാറാക്കും. തൊഴിലില്ലായ്മ, പരീക്ഷാ ക്രമക്കേടുകൾ, വിദ്യാഭ്യാസം, യുവജനപ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളാകും പര്യടനത്തിൽ പ്രധാനമായും ചർച്ച ചെയ്യുക.
സിജെപി ഔപചാരിക രാഷ്ട്രീയ പാർട്ടിയായി മാറാനുള്ള തീരുമാനമൊന്നും നിലവിലില്ലെന്നും, ജനകീയ പ്രസ്ഥാനമായി പ്രവർത്തനം തുടരാനാണ് ഇപ്പോഴത്തെ തീരുമാനമെന്നും സംഘടനയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ വ്യക്തമാക്കി. കേന്ദ്രസർക്കാർ നീറ്റ് സമരവുമായി ബന്ധപ്പെട്ട എല്ലാ വാഗ്ദാനങ്ങളും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും, ആവശ്യങ്ങൾ പരിഗണിക്കാത്ത പക്ഷം വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

