താജ്മഹലിൽ ജലാഭിഷേകം നടത്താനുള്ള ശ്രമം പൊലീസ് തടഞ്ഞു

ന്യൂഡൽഹി: ആഗ്രയിലെ താജ്മഹൽ സമുച്ചയത്തിനുള്ളിൽ ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച ‘ജലാഭിഷേകം’ നടത്താൻ ഒരു ഹിന്ദുത്വ സംഘടന നടത്തിയ ശ്രമം പൊലീസ് തടഞ്ഞു.

അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ ആഗ്ര ജില്ലാ പ്രസിഡന്റ് മീര റാത്തോറിന്റെ നേതൃത്വത്തിൽ ഗംഗാജലം കൈവശമുണ്ടായിരുന്ന പ്രവർത്തകരും വനിതാ കൻവാരിയകളും തിങ്കളാഴ്ച രാവിലെ താജ്മഹലിന്റെ പടിഞ്ഞാറൻ പ്രവേശന കവാടത്തിലെത്തി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് ഇവരെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഇതേ തുടർന്ന് പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി.

തുടർന്ന് പൊലീസ് സുരക്ഷയിൽ ഇവരെ സമീപത്തെ രാജേശ്വർ മഹാദേവ് ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. അവിടെ ഗംഗാജലം ഉപയോഗിച്ച് ജലാഭിഷേകം നടത്താൻ അനുമതി നൽകി.

ശ്രാവണ മാസത്തിലെ ശേഷിക്കുന്ന തിങ്കളാഴ്ചകളിലും താജ്മഹലിൽ ജലാഭിഷേകം നടത്താൻ ശ്രമം തുടരുമെന്ന് ഹിന്ദു മഹാസഭ നേതാവ് മീര റാത്തോർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും താജ്മഹൽ പരിസരത്ത് സുരക്ഷ ശക്തമാക്കിയിരുന്നെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *