ന്യൂഡൽഹി:തായ്‌ലൻഡിലെ ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ AI2379 വിമാനത്തിന് യാത്രാമധ്യേ ശക്തമായ വായുകുലുക്കം (ടർബുലൻസ്) അനുഭവപ്പെട്ടതിനെ തുടർന്ന് 12 പേർക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റവരിൽ യാത്രക്കാരും ജീവനക്കാരും ഉൾപ്പെടുന്നു.
വിമാനം ഡൽഹിയിലേക്കുള്ള ഇറക്കത്തിനിടെ അപ്രതീക്ഷിതമായ ടർബുലൻസ് നേരിട്ടതിനെ തുടർന്ന് ഉയരത്തിൽ ചെറിയ തോതിൽ വ്യതിയാനമുണ്ടായതായാണ് റിപ്പോർട്ട്. തുടർന്ന് പൈലറ്റുമാർ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി വിമാനം സുരക്ഷിതമായി ഡൽഹി വിമാനത്താവളത്തിൽ ഇറക്കി.
സംഭവത്തിൽ പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സയും സഹായവും നൽകിയതായി എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പരമപ്രാധാന്യം നൽകുന്നതെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിമാനക്കമ്പനി വ്യക്തമാക്കി.

