മഴക്കെടുതി; ചെല്ലാനത്തെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മന്ത്രി റോജി എം. ജോൺ

കൊച്ചി: ശക്തമായ മഴയെയും കടലാക്രമണത്തെയും തുടർന്ന് ദുരിതത്തിലായ ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി മേഖലയിലെ വിവിധ വാർഡുകൾ എറണാകുളം ജില്ലയുടെ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ സന്ദർശിച്ചു. ചെറിയകടവ് (വാർഡ് 5), കമ്പനിപടി (വാർഡ് 6), കണ്ണമാലി (വാർഡ് 9), പുത്തൻതോട് (വാർഡ് 10) എന്നീ പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ച മന്ത്രി, ജനങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും കേട്ടറിയുകയും നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

കടലാക്രമണ വിഷയത്തിൽ ശാശ്വതമായ പരിഹാരമാണ് പ്രദേശവാസികൾക്ക് ആവശ്യമെന്നും സർക്കാരിന്റെ ഭാഗത്തുനിന്നും അതിനായുള്ള നടപടികൾ വേഗത്തിലാക്കുമെന്നും സന്ദർശന ശേഷം മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും ജലസേചന വകുപ്പ് മന്ത്രിയും പ്രദേശത്തെ സാഹചര്യങ്ങൾ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും കടൽഭിത്തി നിർമാണത്തിനായുള്ള മുന്നൊരുക്കങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്നും ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും മന്ത്രി അറിയിച്ചു. നിലവിൽ നിരവധിയാളുകളെ താൽക്കാലികമായി പുനരധിവസിപ്പിച്ചിട്ടുണ്ടെന്നും കൊച്ചി എം.എൽ.എ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി എം.എൽ.എ മുഹമ്മദ് ഷിയാസും മന്ത്രിയോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *