73,024 പുതിയ മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി അനുവദിച്ച 73,024 പുതിയ മുൻഗണനാ റേഷൻ കാർഡുകളുടെയും 2,000 അന്ത്യോദയ അന്നയോജന (എ.എ.വൈ) റേഷൻ കാർഡുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. സപ്ലൈകോയെ സ്വയംപര്യാപ്തവും രാജ്യത്തിന് മാതൃകയുമായ വിപണി ഇടപെടൽ സ്ഥാപനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

മാറിവരുന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിൽ അർഹരായ നിരവധി കുടുംബങ്ങൾ മുൻഗണനാ റേഷൻ ആനുകൂല്യങ്ങൾക്ക് പുറത്തായിരുന്ന സാഹചര്യം പരിഹരിക്കാനാണ് പുതിയ കാർഡുകൾ വിതരണം ചെയ്തത്. തിരുവനന്തപുരം കനകക്കുന്ന് പാലസ് മെയിൻ ഹാളിൽ നടന്ന ചടങ്ങിൽ 50,000 കാർഡുകൾ എന്ന പ്രാരംഭ ലക്ഷ്യം മറികടന്നാണ് 73,024 മുൻഗണനാ (പിങ്ക്) റേഷൻ കാർഡുകളും അങ്ങേയറ്റം ദരിദ്രരായ കുടുംബങ്ങൾക്കായി 2,000 എ.എ.വൈ (മഞ്ഞ) റേഷൻ കാർഡുകളും വിതരണം ചെയ്തത്.

ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി സി.പി. ജോൺ, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, തിരുവനന്തപുരം മേയർ വി.വി. രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു. തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക് മുഖ്യമന്ത്രി നേരിട്ട് റേഷൻ കാർഡുകൾ കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *