കൊച്ചി: കൊച്ചി മെട്രോ (കെ.എം.ആർ.എൽ) മണ്ണടിച്ചു നികത്തിയതിനെ തുടർന്ന് സഹകരണ ആശുപത്രി വളപ്പിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ മലിനജലക്കെട്ടും ദുർഗന്ധവും ഉയർന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം അടിയന്തര ഇടപെടൽ നടത്തി. തൃക്കാക്കര എം.എൽ.എ ഉമാ തോമസും ജില്ലാ കളക്ടർ ജി. പ്രിയങ്കയും സംഭവസ്ഥലം നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചുചേർക്കുകയും പ്രശ്നപരിഹാരത്തിനുള്ള രൂപരേഖ അടങ്ങിയ റിപ്പോർട്ട് ഇന്ന് തന്നെ നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശിക്കുകയും ചെയ്തു. കെട്ടിക്കിടക്കുന്ന മലിനമല്ലാത്ത വെള്ളം പൈപ്പുകൾ വഴി ഒഴുക്കിവിടാനാണ് താൽക്കാലിക തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. കെ.എം.ആർ.എൽ തയ്യാറാക്കുന്ന റിപ്പോർട്ട് നഗരസഭാ സെക്രട്ടറി പരിശോധിച്ച് ജില്ലാ കളക്ടർക്ക് സമർപ്പിക്കും.
ആറ് ഏക്കറോളം വരുന്ന ഗർത്തസമാനമായ പ്രദേശം കെ.എം.ആർ.എൽ മണ്ണടിച്ചു നികത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. മുൻപ് സിവിൽ ലൈൻ റോഡിൽ നിന്നുള്ള വെള്ളം കലുങ്ക് വഴി ക്ലിനിക്കൽ തോടിലേക്ക് ഒഴുക്കിവിട്ടിരുന്ന സംവിധാനം മണ്ണടിഞ്ഞതോടെ പൂർണ്ണമായി അടഞ്ഞുപോവുകയായിരുന്നു. 20 വർഷം മുൻപ് ഈ കലുങ്ക് തകർന്ന് വലിയ രീതിയിൽ വെള്ളപ്പൊക്കവും മാലിന്യ പ്രശ്നവുമുണ്ടാവുകയും പിന്നീട് ബലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സംവിധാനമാണ് മെട്രോ നിർമാണം മൂലം വീണ്ടും അടഞ്ഞത്.
വെള്ളക്കെട്ട് രൂക്ഷമായതോടെ നഗരസഭ നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നെങ്കിലും ഇത് അവഗണിച്ചാണ് നികത്തൽ തുടർന്നത്. അതേസമയം കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബെഹ്റയും രാവിലെ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

