ശക്തമായ മഞ്ഞുവീഴ്ച; ഡുനെഡിനിൽ സ്കൂളുകൾ അടച്ചു, വെല്ലിംഗ്‌ടണിലും തണുത്തുറഞ്ഞ കാലാവസ്ഥ

വെല്ലിംഗ്‌ടൺ: ന്യൂസിലൻഡിൽ ശക്തമായ ശൈത്യതരംഗം തുടരുന്നതിനിടെ ഡുനെഡിനിൽ കനത്ത മഞ്ഞുവീഴ്ചയും തലസ്ഥാനമായ വെല്ലിംഗ്‌ടണിൽ ആലിപ്പഴ വീഴ്ചയും രേഖപ്പെടുത്തി. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഡുനെഡിനിലെ മുഴുവൻ സ്കൂളുകളും അടച്ചു. സ്റ്റേറ്റ് ഹൈവേ 1, സ്റ്റേറ്റ് ഹൈവേ 87 ഉൾപ്പെടെയുള്ള പ്രധാന റോഡുകളിലെ ഗതാഗതവും പൂർണ്ണമായി തടസ്സപ്പെട്ടു.

റോഡുകളിൽ മഞ്ഞും ഐസും മൂടിയതിനെ തുടർന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ട സാഹചര്യത്തിൽ അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് പോലീസ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നഗരത്തിലെ ബസ് സർവീസുകളും കുക്ക് സ്ട്രെയിറ്റിലൂടെയുള്ള ഇന്റർഐലൻഡർ ഫെറി സർവീസുകളും താൽക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്.

തണുപ്പ് വർധിച്ചതോടെ രാജ്യത്തുടനീളമുള്ള വൈദ്യുതി ഉപയോഗം റെക്കോർഡ് നിലയിലെത്താൻ സാധ്യതയുള്ളതിനാൽ വൈദ്യുതി വിതരണ ശൃംഖലയായ ട്രാൻസ്പവർ (Transpower) സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. വ്യാഴാഴ്ച രാവിലെയോടെ രാജ്യത്തെ മിക്ക പ്രദേശങ്ങളിലും ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *