ഉപേക്ഷിക്കപ്പെട്ട സ്പേസ് എക്സ് റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചെന്ന് റിപ്പോർട്ട്; ബഹിരാകാശ മാലിന്യത്തിൽ ആശങ്ക

അമേരിക്കൻ സ്വകാര്യ ബഹിരാകാശ സ്ഥാപനമായ സ്പേസ് എക്സിന്റെ ഉപയോഗശൂന്യമായ ഫാൽക്കൺ–9 റോക്കറ്റിന്റെ രണ്ടാം ഘട്ടം ചന്ദ്രനിൽ ഇടിച്ചെന്ന് റിപ്പോർട്ട്. 2025 ജനുവരിയിൽ വിക്ഷേപിച്ച ദൗത്യം പൂർത്തിയാക്കിയ ശേഷം നിയന്ത്രണം നഷ്ടപ്പെട്ട നിലയിൽ ബഹിരാകാശത്ത് സഞ്ചരിച്ചിരുന്ന റോക്കറ്റ് ഭാഗമാണ് ചന്ദ്രന്റെ ഐൻസ്റ്റൈൻ ഗർത്തത്തിന് സമീപം മണിക്കൂറിൽ ഏകദേശം 8,700 കിലോമീറ്റർ വേഗത്തിൽ ഇടിച്ചതെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.

ഇടിയുടെ ഫലമായി ചന്ദ്രോപരിതലത്തിൽ പുതിയ ഗർത്തം രൂപപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്. സംഭവം ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കുന്നില്ലെങ്കിലും, ചന്ദ്രദൗത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ബഹിരാകാശ മാലിന്യങ്ങളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉയർത്തിയിരിക്കുകയാണ്.

ചന്ദ്രന്റെ അതിർത്തി പ്രദേശത്താണ് ഇടി നടന്നതിനാൽ അത് നേരിട്ട് നിരീക്ഷിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ചന്ദ്രനെ ചുറ്റുന്ന പേടകങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ ഉപയോഗിച്ച് ഇടിയുടെ സ്ഥലം പിന്നീട് സ്ഥിരീകരിക്കാനാണ് ശാസ്ത്രജ്ഞരുടെ ശ്രമം. ഇത്തരം സംഭവങ്ങൾ ഭാവിയിലെ ചന്ദ്രപര്യവേക്ഷണ ദൗത്യങ്ങൾക്കും സ്ഥിരതാമസ പദ്ധതികൾക്കും മുന്നോടിയായി ബഹിരാകാശ മാലിന്യ നിർമാർജനത്തിന് കൂടുതൽ കർശനമായ മാനദണ്ഡങ്ങൾ ആവശ്യമാണെന്ന ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *