തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ദുരിതബാധിതർക്കായി സമഗ്ര ദുരിതാശ്വാസ പാക്കേജ് മന്ത്രിസഭ പ്രഖ്യാപിച്ചു. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ₹8 ലക്ഷം ധനസഹായം നൽകും. കൂടാതെ സംസ്കാരച്ചെലവിനായി ഉടൻ ₹10,000 അനുവദിക്കും.
ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്ന കുടുംബങ്ങൾക്ക് വീട് വൃത്തിയാക്കുന്നതിനും പുനഃക്രമീകരണത്തിനുമായി ₹10,000 വീതം നൽകും. ഉരുൾപൊട്ടലിലും മറ്റ് പ്രകൃതിദുരന്തങ്ങളിലും വീടും സ്ഥലവും പൂർണമായി നഷ്ടമായവർക്ക് ₹12 ലക്ഷം ധനസഹായവും, വീട് മാത്രം നഷ്ടമായവർക്ക് വീട് പുനർനിർമിക്കാൻ ₹6 ലക്ഷം സഹായവും അനുവദിക്കും.
കൃഷിനാശം സംഭവിച്ച കർഷകർക്ക് നിലവിലെ മാനദണ്ഡങ്ങൾ പരിഷ്കരിച്ച് കൂടുതൽ ധനസഹായം നൽകാനും, ചെറുകിട-ഇടത്തരം വ്യവസായ (MSME) മേഖലകൾക്ക് സോഫ്റ്റ് ലോൺ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകാനും മന്ത്രിസഭ തീരുമാനിച്ചു. കൂടാതെ, 2024-ലെ മഴക്കെടുതിയിലും തൃശൂർ ജില്ലയിലെ ഉരുൾപൊട്ടലിലും വീട് നഷ്ടപ്പെട്ടിട്ടും സഹായം ലഭിക്കാതെ ശേഷിച്ച 248 ഗുണഭോക്താക്കൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിക്കാൻ തീരുമാനമായി.
മുഖ്യമന്ത്രി വി.ഡി. സതീശൻ അധ്യക്ഷത വഹിച്ച മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ദുരിതാശ്വാസ നടപടികൾ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് മഴക്കെടുതിയുമായി ബന്ധപ്പെട്ട മരണസംഖ്യ 26 ആയി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ സഹായപദ്ധതികൾ വിപുലീകരിച്ചത്.

