ബ്രിട്ടീഷ് പൗരത്വം നേടിയ മുഹമ്മദ് ആമിറിന് ഐപിഎൽ കളിക്കാൻ വഴി തുറന്നോ? ചർച്ചകൾക്ക് പിന്നാലെ താരം പ്രതികരിച്ചു

മുൻ പാകിസ്ഥാൻ ഇടങ്കയ്യൻ പേസർ മുഹമ്മദ് അമീർ ബ്രിട്ടീഷ് പൗരത്വം നേടിയതോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കളിക്കാനുള്ള സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി. നിലവിലെ ഐപിഎൽ ചട്ടങ്ങൾ പ്രകാരം ബ്രിട്ടീഷ് പൗരനെന്ന നിലയിൽ ലീഗിലേക്ക് രജിസ്റ്റർ ചെയ്യാൻ അദ്ദേഹത്തിന് അർഹത ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഐപിഎല്ലിൽ കളിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ആമിർ വ്യക്തമാക്കി.

ഇംഗ്ലണ്ടിലെ ദ ഹണ്ട്രഡ് ടൂർണമെന്റിൽ ട്രെന്റ് റോക്കറ്റ്സിനായി കളിക്കുന്ന ആമിർ, ഇപ്പോഴത്തെ ശ്രദ്ധ ഫ്രാഞ്ചൈസി ക്രിക്കറ്റിലാണെന്നും പിന്നീട് പാകിസ്ഥാൻ സൂപ്പർ ലീഗിലും (PSL) കളിക്കാനാണ് ലക്ഷ്യമെന്നും പറഞ്ഞു. ഐപിഎൽ സംബന്ധിച്ച തീരുമാനം ഭാവിയിൽ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമേ എടുക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2008ന് ശേഷം ഇന്ത്യ–പാകിസ്ഥാൻ രാഷ്ട്രീയബന്ധത്തിലെ സംഘർഷത്തെ തുടർന്ന് പാകിസ്ഥാൻ താരങ്ങൾ ഐപിഎല്ലിൽ കളിച്ചിട്ടില്ല. എന്നാൽ മറ്റൊരു രാജ്യത്തിന്റെ പൗരത്വം നേടിയ സാഹചര്യത്തിൽ ആമിറിന്റെ ഐപിഎൽ സാധ്യതയെക്കുറിച്ചാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചകൾ നടക്കുന്നത്. അതേസമയം, ഐപിഎല്ലിൽ പങ്കെടുക്കുമെന്ന് ആമിർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *