പത്തനംതിട്ട: മഴക്കെടുതി മൂലം ജില്ലയിലുണ്ടായ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൃത്യമായി ഇടപെട്ട് മുഖ്യമന്ത്രി. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച അദ്ദേഹം മഴക്കെടുതി അനുഭവിച്ചവരുടെ വിഷമതകൾ നേരിട്ടറിഞ്ഞു. റാന്നി എം.എസ്. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ദുരന്തബാധിതരുടെ പരാതികൾ കേട്ട് നേരിട്ട് സ്വീകരിച്ച മുഖ്യമന്ത്രി, പരാതികൾ ഓരോന്നും പ്രത്യേകമായി പരിശോധിച്ച് ശാശ്വത പരിഹാരം കണ്ടെത്തുമെന്ന ഉറപ്പും നൽകി.
തുടർച്ചയായ പ്രകൃതിക്ഷോഭം നേരിടുന്ന ജില്ലയെ ചേർത്തുപിടിക്കുന്ന സമീപനമായിരുന്നു മുഖ്യമന്ത്രിയുടേത്. മഴക്കെടുതിയിൽ നഷ്ടം സംഭവിച്ച റാന്നിയിലേതുൾപ്പെടെയുള്ള വ്യാപാരികളുടെ നഷ്ടം പ്രത്യേകമായി പരിഗണിക്കും. കച്ചവടക്കാരെ സഹായിക്കാനായി വായ്പാ പദ്ധതികളും മറ്റു പ്രത്യേക സഹായങ്ങളും അടുത്ത മന്ത്രിസഭായോഗത്തിൽ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങുന്നവർക്ക് ശുചീകരണ ആവശ്യങ്ങൾക്കായി അടിയന്തര ധനസഹായമായി 10,000 രൂപ നൽകും. പ്രകൃതിക്ഷോഭത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ടവർക്കുള്ള സഹായധനം നാല് ലക്ഷത്തിൽ നിന്ന് ആറ് ലക്ഷം രൂപയായി ഉയർത്തി. ഭാഗികമായി വീട് നഷ്ടമായവർക്കും ഉചിതമായ സഹായം ലഭ്യമാക്കും. വിളനാശം നേരിട്ട കർഷകർക്കുള്ള നഷ്ടപരിഹാരത്തുകയും വർധിപ്പിക്കും; നിലവിൽ ഒരു ഹെക്ടർ നെൽകൃഷി നശിച്ചാൽ നൽകുന്ന 13,500 രൂപ ഉയർത്താനാണ് തീരുമാനം.
പ്രദേശത്ത് പകർച്ചവ്യാധികൾ തടയാൻ കൃത്യമായ നടപടികൾ സർക്കാർ സ്വീകരിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പുകളിൽ തുടർച്ചയായി വൈദ്യപരിശോധന നടത്തിവരുന്നുണ്ട്. ഇതിനുപുറമെ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് പ്രത്യേക മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കും.
ഭാവിയിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ പുഴകളിലും അണക്കെട്ടുകളിലും അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കം ചെയ്ത് ജലസംഭരണ ശേഷി വർധിപ്പിക്കും. രാജ്യത്തെ തന്നെ ഏറ്റവും മികച്ച കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദുരന്തബാധിതർക്കൊപ്പമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ ജില്ലയുടെ ചുമതലയുള്ള സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, എം.എൽ.എമാരായ പഴകുളം മധു, സി.വി. ശാന്തകുമാർ, ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

