തായ്‌ലൻഡിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിൽ ശക്തമായ ആകാശച്ചുഴി; യാത്രക്കാർക്കും ജീവനക്കാർക്കും പരിക്ക്

ന്യൂഡൽഹി: തായ്‌ലൻഡിലെ ഫൂക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ പറക്കലിനിടെ ശക്തമായ ആകാശച്ചുഴി (ടർബുലൻസ്) അനുഭവപ്പെട്ട് യാത്രക്കാർക്കും ജീവനക്കാർക്കും പരിക്ക്. ഇന്ന് രാവിലെ വിമാനം ക്രൂയിസിംഗ് ഘട്ടത്തിൽ സഞ്ചരിക്കവേ ഉണ്ടായ അപ്രതീക്ഷിത ആഘാതത്തിലാണ് നിരവധി പേർക്ക് പരിക്കേറ്റത്. ഭീതിയുടെ നിമിഷങ്ങൾക്കൊടുവിൽ വിമാനം ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ആരുടെയും പരിക്ക് ഗുരുതരമല്ല.

എഐ 2379 നമ്പർ എയർബസ് എ320 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ആകാശച്ചുഴിയിൽപ്പെട്ട വിമാനം ഏകദേശം 300 അടിയോളം താഴേക്ക് പെട്ടെന്ന് പതിച്ചത് യാത്രക്കാരെ കടുത്ത പരിഭ്രാന്തിയിലാഴ്ത്തി. രാവിലെ ഫൂക്കറ്റിൽ നിന്ന് യാത്രതിരിച്ച വിമാനം ഉച്ചയ്ക്ക് മുൻപായി ഡൽഹിയിൽ ലാൻഡ് ചെയ്യുകയായിരുന്നു.

പത്ത് യാത്രക്കാർക്കും രണ്ട് ക്യാബിൻ ക്രൂ അംഗങ്ങൾക്കുമാണ് പരിക്കേറ്റത്. ലാൻഡിംഗിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിൽ സജ്ജമാക്കിയ പ്രത്യേക മെഡിക്കൽ ടീം ഇവർക്ക് അടിയന്തര പ്രാഥമിക പരിചരണം നൽകി. നിസ്സാര പരിക്കുകളേറ്റ ചിലരെ മുൻകരുതൽ പരിശോധനകൾക്കായി എയർപോർട്ടിലെ മെഡാന്റ മെഡിക്കൽ സെന്ററിലേക്കും സമീപത്തെ മറ്റ് ആശുപത്രികളിലേക്കും മാറ്റിയിട്ടുണ്ട്. നിലവിൽ ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്ന് എയർ ഇന്ത്യ വക്താവ് ഔദ്യോഗികമായി വ്യക്തമാക്കി.

യാത്ര പുറപ്പെട്ട് ഒന്നര മണിക്കൂറിനു ശേഷം ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്ന സമയത്താണ് പെട്ടെന്ന് അപകടമുണ്ടായതെന്ന് വിമാനത്തിലുണ്ടായിരുന്നവർ പറഞ്ഞു. അപ്രതീക്ഷിതമായുണ്ടായ ശക്തമായ കുലുക്കത്തിൽ പലരും സീറ്റുകളിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീഴുകയും തല ഇടിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികൾ വിവരിച്ചു.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എയർ ഇന്ത്യ പ്രഥമ പരിഗണന നൽകുന്നതെന്നും സംഭവത്തിൽ വ്യോമയാന അധികൃതർ നടത്തുന്ന അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *