വാഷിങ്ടൺ: ക്യൂബയിൽ ഭരണമാറ്റം ലക്ഷ്യമിട്ട് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ പ്രത്യേക രഹസ്യ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി റിപ്പോർട്ട്. ക്യൂബയ്‌ക്കെതിരായ രഹസ്യാന്വേഷണ, സൈബർ, സ്വാധീന പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കുന്നതിനാണ് പുതിയ സംഘമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ക്യൂബയിലെ സാമ്പത്തിക പ്രതിസന്ധിയും ഇന്ധനക്ഷാമവും രൂക്ഷമായ പശ്ചാത്തലത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം ക്യൂബൻ സർക്കാരിനുമേൽ സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ടാസ്‌ക് ഫോഴ്‌സിലൂടെ ധനസഹായം, മനുഷ്യവിഭവശേഷി, സാങ്കേതിക വിഭവങ്ങൾ എന്നിവ കൂടുതൽ വേഗത്തിൽ വിന്യസിക്കാൻ സി.ഐ.എയ്ക്ക് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതേസമയം, ഇത്തരത്തിലുള്ള നീക്കങ്ങൾ ക്യൂബയുടെ പരമാധികാരത്തിൽ ഇടപെടലാണെന്ന് ഹവാന ആരോപിച്ചു. അമേരിക്കയുടെ നടപടികൾ ഇരുരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

