കീവ്: ഉക്രൈനിനെതിരായ ആക്രമണങ്ങൾക്കായി ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ യൂണിറ്റ് റഷ്യയിൽ വിന്യസിക്കുന്നതായി ഉക്രൈൻ സൈനിക രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. റഷ്യയിലെ വൊറോനെഷ് മേഖലയിലാണ് യൂണിറ്റ് വിന്യസിക്കുന്നതെന്നും ഇതിൽ ആറ് മിസൈൽ ലോഞ്ചറുകളും 120 വരെ ബാലിസ്റ്റിക് മിസൈലുകളും ഉൾപ്പെട്ടേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉക്രൈൻ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ ആൻഡ്രി ചെർണിയാക്കിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തുവന്നത്. 90 ഓളം സൈനികരടങ്ങിയ യൂണിറ്റാണ് റഷ്യയിലേക്ക് എത്തുന്നതെന്നും ഇവ വിന്യസിക്കപ്പെടുകയാണെങ്കിൽ ഉക്രൈനിനെതിരായ റഷ്യയുടെ മിസൈൽ ആക്രമണശേഷി കൂടുതൽ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
2023 മുതൽ ഉത്തര കൊറിയ റഷ്യയ്ക്ക് ബാലിസ്റ്റിക് മിസൈലുകളും മറ്റ് ആയുധങ്ങളും നൽകുന്നുണ്ടെന്നാണ് ഉക്രൈനും പാശ്ചാത്യ രാജ്യങ്ങളും ആരോപിക്കുന്നത്. 2024-ലെ റഷ്യ–ഉത്തര കൊറിയ പ്രതിരോധ കരാറിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം കൂടുതൽ ശക്തമായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, ഈ വിഷയത്തിൽ റഷ്യയും ഉത്തര കൊറിയയും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

