പാലക്കാട്: അട്ടപ്പാടിയിലെ ഉന്നതികളിലും അങ്കണവാടികളിലും കുടിവെള്ള ലഭ്യതയും അവ ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനങ്ങളും ഉറപ്പാക്കണമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷൻ നിർദ്ദേശിച്ചു. കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ നൽകാവൂ എന്നും കമ്മീഷൻ വ്യക്തമാക്കി. മൂലഗംഗൽ ഉന്നതിയും അങ്കണവാടിയും സന്ദർശിച്ച ശേഷം കമ്മീഷൻ അംഗം മുരുകേഷ് ചെറുനാലിയാണ് ഈ നിർദ്ദേശം നൽകിയത്.
മൂലഗംഗൽ ഉന്നതിയിൽ സഞ്ചരിക്കുന്ന റേഷൻകട ആരംഭിക്കുന്നത് സംബന്ധിച്ച് കമ്മീഷണറേറ്റിലേക്ക് പ്രൊപ്പോസൽ നൽകിയിട്ടുണ്ട്. സമീപത്തെ വെച്ചപതി, വെള്ളകുളം, ഗോഞ്ചിയൂർ എന്നീ ഉന്നതികളിലെ റേഷൻ ഗുണഭോക്താക്കളെ നേരിൽ കണ്ട് വിവിധ പദ്ധതികളുടെ ആനുകൂല്യലഭ്യത ഉറപ്പുവരുത്തിയതായി അദ്ദേഹം അറിയിച്ചു.
അങ്കണവാടികളിലെ പോഷകാഹാര സ്റ്റോക്കുകൾ പരിശോധിച്ച കമ്മീഷൻ അംഗം അരി, ധാന്യങ്ങൾ, റാഗി, ശർക്കര, അവിൽ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ സമയബന്ധിതമായി വിതരണം ചെയ്യാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. അട്ടപ്പാടി ഗവ. ട്രൈബൽ സ്കൂളിൽ ഉച്ചഭക്ഷണ പദ്ധതിയിൽ മെനു പ്രകാരം കൃത്യമായി ഭക്ഷണം നൽകിവരുന്നതായി വിലയിരുത്തിയ അദ്ദേഹം, വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഡൈനിങ് ഹാൾ സജ്ജമാക്കാൻ ജില്ലാ പഞ്ചായത്തിന് കത്ത് നൽകാനും നിർദ്ദേശം നൽകി.
പരിശോധനകളിൽ ജില്ലാ സപ്ലൈ ഓഫീസർ എ.എസ്. ബീന, താലൂക്ക് സപ്ലൈ ഓഫീസർമാരായ വി. മനോജ്, സി. പത്മിനി, എൽ.എ. തഹസീൽദാർ ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

