ബാങ്കോക്ക്: തായ്ലൻഡിൽ ഫുട്ബോൾ മത്സരത്തിനിടെ മിന്നലേറ്റ് 24-കാരനായ ഫുട്ബോൾ താരം സോഫ്വാൻ അവേ മരിച്ചു. തെക്കൻ തായ്ലൻഡിലെ നരാത്തിവാത്ത് പ്രവിശ്യയിലെ സുന്ഗായ് ഗോലോകിലെ സാന്തിഫാപ് സ്റ്റേഡിയത്തിൽ നടന്ന ഗോലോക് എഫ്.എ. കപ്പ് മത്സരത്തിനിടെയായിരുന്നു സംഭവം.
കനത്ത മഴ തുടരുന്നതിനിടെയും മത്സരം പുരോഗമിക്കുമ്പോൾ പെട്ടെന്ന് മിന്നൽ മൈതാനത്ത് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സോഫ്വാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഒരു മലേഷ്യൻ താരം ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.
സോഫ്വാൻ അടുത്തിടെയാണ് തായ് മൂന്നാം ഡിവിഷൻ ക്ലബ്ബായ യാല എഫ്.സിയിൽ ചേർന്നത്. താരത്തിന്റെ മരണത്തിൽ ക്ലബ്ബും തായ്ലൻഡ് ഫുട്ബോൾ അസോസിയേഷനും അനുശോചനം രേഖപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.

