അടിയന്തര സാഹചര്യം നേരിടാൻ ആലുവ മണ്ഡലം പൂർണ്ണ സജ്ജം: അൻവർ സാദത്ത് എം.എൽ.എ

ആലുവ: അതിതീവ്ര മഴ മൂലം ഉണ്ടാകാനിടയുള്ള ഏത് അടിയന്തര സാഹചര്യവും നേരിടാൻ ആലുവ മണ്ഡലം പൂർണ്ണ സജ്ജമാണെന്ന് അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. ആലുവ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ചേർന്ന ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും അടിയന്തര അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മണ്ഡലത്തിൽ മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. 2018-ലെ മഹാപ്രളയത്തിന്റെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് പ്രതിരോധ തയ്യാറെടുപ്പുകൾ ഏകോപിപ്പിക്കുന്നത്. ആ സമയത്ത് പ്രവർത്തിച്ച സ്ഥാപനങ്ങളെയും കെട്ടിടങ്ങളെയും വീണ്ടും സജ്ജമാക്കാൻ ബന്ധപ്പെട്ടവർക്ക് മുൻകൂട്ടി നിർദ്ദേശം നൽകി. വെള്ളപ്പൊക്ക സാധ്യത മുന്നിൽക്കണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ സംഘടിപ്പിക്കേണ്ട കേന്ദ്രങ്ങൾ മുൻകൂട്ടി കണ്ടെത്തും.

റവന്യൂ, പോലീസ്, ഇറിഗേഷൻ ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകളെ ഏകോപിപ്പിച്ചാണ് നടപടികൾ പുരോഗമിക്കുന്നത്. തോടുകളിലെയും പുഴകളിലെയും നീരൊഴുക്ക് സുഗമമാക്കാൻ മേജർ, മൈനർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വെള്ളപ്പൊക്കമുണ്ടായാൽ ജനങ്ങളെ പുനരധിവസിപ്പിക്കാനും എല്ലാ സൗകര്യങ്ങളുമൊരുക്കാനും വകുപ്പുകൾ സജ്ജമായിരിക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റാനും എം.എൽ.എ ആവശ്യപ്പെട്ടു.

മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി ഉടൻ തന്നെ ഏകോപന യോഗങ്ങൾ വിളിച്ച് ചേർക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

യോഗത്തിൽ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യൻ, ആലുവ മുനിസിപ്പൽ ചെയർപേഴ്സൺ സൈജി ജോളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.എ. മാഹിൻ (എടത്തല), സാജു മത്തായി (കീഴ്മാട്), സെബാസ്റ്റ്യൻ പോൾ (കാഞ്ഞൂർ), നസീർ ചൂർണിക്കര (ചൂർണിക്കര), ജസി ജോർജ് (നെടുമ്പാശ്ശേരി), ജർലി കപ്രശ്ശേരി (ചെങ്ങമനാട്), ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സിറാജ്, ആലുവ തഹസിൽദാർ ടിജോ ടി. ഫ്രാൻസിസ് എന്നിവരും പോലീസ്, ഫയർ ആന്റ് റെസ്ക്യൂ, ആരോഗ്യം, റവന്യൂ, തദ്ദേശസ്വയംഭരണം, മോട്ടോർ വാഹന വകുപ്പ്, സിവിൽ സപ്ലൈസ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *