സിഡ്നി: അഞ്ചു വയസ്സുള്ള കുഞ്ഞുണ്ടായിരുന്ന കാർ ഉൾപ്പെടെ അഞ്ച് വാഹനങ്ങളിലേക്ക് തന്റെ കാർ ഇടിച്ചു കയറ്റിയ വയോധികയ്ക്ക് ജയിൽശിക്ഷ ഒഴിവാക്കി സിഡ്നി കോടതി. അനുവദനീയമായ പരിധിയുടെ അഞ്ചിരട്ടി മദ്യപിച്ച് വാഹനം ഓടിച്ച 63 കാരിയായ എലിസബത്ത് ജെയ്ൻ ബൂർഷ്വയ്ക്കാണ് (Elizabeth Jane Bourgeois) ഹോൺസ്ബി ലോക്കൽ കോടതി കമ്മ്യൂണിറ്റി ശിക്ഷാ വിധി നൽകിയത്.
കഴിഞ്ഞ മാർച്ച് മാസത്തിൽ തുറാമുറയിലെ കോൾസ് സൂപ്പർമാർക്കറ്റ് പാർക്കിംഗിലായിരുന്നു സംഭവം. വൈൻ കുടിച്ച ശേഷം ലക്സസ് കാറുമായി എത്തിയ എലിസബത്ത്, അഞ്ച് ആഴ്ച മാത്രം പ്രായമുള്ള ഫ്ലോറൻസ് എന്ന കുഞ്ഞുണ്ടായിരുന്ന വാഹനത്തിലും സമീപത്തുണ്ടായിരുന്ന മറ്റ് നാല് കാറുകളിലും തുടർച്ചയായി ഇടിക്കുകയായിരുന്നു. 0.268 ആയിരുന്നു ഇവരുടെ രക്തത്തിലെ ആൽക്കഹോൾ അളവ്. പാർക്കിംഗ് ഏരിയയിലുണ്ടായിരുന്ന യാത്രക്കാരൻ ഇവരുടെ കാറിന്റെ താക്കോൽ ഊരിയെടുത്ത് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് ഇവരെ പിടി കൂടാനായത്.
സംഭവത്തിൽ 12 മാസത്തെ തടവുശിക്ഷ വിധിച്ചെങ്കിലും ജയിലിൽ അടയ്ക്കുന്നതിന് പകരം സമൂഹത്തിൽ തുടർന്ന് ജീവിക്കാൻ കോടതി അനുവദിക്കുകയായിരുന്നു. ആറു മാസത്തേക്ക് ഡ്രൈവിംഗ് വിലക്കും 300 ഡോളർ പിഴയും ചുമത്തിയിട്ടുണ്ട്. ശിക്ഷാകാലയളവിൽ മദ്യം കഴിക്കാൻ പാടില്ലെന്നും അപകടത്തിൽ വാഹനങ്ങൾക്കുണ്ടായ മുഴുവൻ നഷ്ടപരിഹാരവും നൽകണമെന്നും കോടതി കർശനമായി നിർദ്ദേശിച്ചു. അതിഗുരുതരമായ മദ്യപിച്ച് വാഹനമോടിക്കലാണ് ഇതെന്നും ആർക്കും ജീവാപായം സംഭവിച്ചില്ലെന്നത് ആശ്വാസകരമാണെന്നും വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി നിരീക്ഷിച്ചു

