സിഡ്നി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന വളർത്തുനായയെ അയൽപക്കത്തെ അക്രമകാരിയായ നായ അക്രമിച്ച് കടിച്ചുകൊന്നു. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് സെൻട്രൽ കോസ്റ്റിലാണ് ജാക്വി ജാക്കോവിഡസ് എന്ന വയോധികയുടെ മുന്നിൽ വെച്ച് അതിദാരുണമായ സംഭവം നടന്നത്. മകളുടെ വളർത്തുനായയായ മൂന്ന് വയസ്സുള്ള ‘ബെയർ’ എന്ന കാവൂഡിൽ ഇനത്തിൽപ്പെട്ട ചെറിയ നായയാണ് കൊല്ലപ്പെട്ടത്.
വീടിന്റെ തുറന്ന ഡ്രൈവ്വേയിലൂടെ ഓടിയെത്തിയ അമേരിക്കൻ സ്റ്റാഫോർഡ്ഷയർ ടെറിയർ ക്രോസ് ഇനത്തിൽപ്പെട്ട വലിയ നായ യാതൊരു പ്രകോപനവുമില്ലാതെ ബെയറിനെ ആക്രമിക്കുകയായിരുന്നു. നായയുടെ വായിൽ നിന്ന് സ്വന്തം വളർത്തുനായയെ രക്ഷിക്കാൻ ജാക്വി പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ജാക്വിയുടെ പങ്കാളി ചെറിയൊരു തോട്ടപ്പാര ഉപയോഗിച്ച് വായ ബലമായി തുറപ്പിച്ചാണ് നായയെ പിടിച്ച് മാറ്റിയത്. എന്നാൽ അതിനോടകം തന്നെ ബെയർ ചത്തിരുന്നു. ആക്രമണം നടത്തുമ്പോൾ നായയ്ക്ക് ബെൽറ്റ് ഉണ്ടായിരുന്നെങ്കിലും ഉടമസ്ഥന്റെ പിടിവിട്ട് ഓടിയെത്തുകയായിരുന്നുവെന്ന് ജാക്വി പറഞ്ഞു. സംഭവം നടന്നിട്ടും നായയുടെ ഉടമസ്ഥൻ മാപ്പ് പറയാൻ പോലും തയ്യാറായില്ലെന്നും അവർ ആരോപിച്ചു.
പോലീസിലും പ്രാദേശിക കൗൺസിലിലും പരാതി നൽകിയപ്പോഴാണ് ക്രൂരമായ ഈ നായയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. രണ്ട് വർഷം മുൻപും ഈ നായ സമാനമായ രീതിയിൽ ആക്രമണം നടത്തിയിട്ടുണ്ടായിരുന്നു. തുടർന്ന് പൊതുസ്ഥലങ്ങളിൽ ഇറക്കുമ്പോൾ നായയ്ക്ക് വായ മൂടി (Muzzle) ധരിപ്പിക്കണമെന്ന് അധികൃതർ ഉത്തരവിട്ടിരുന്നതാണ്. എന്നാൽ 18 മാസത്തിന് ശേഷം ഉടമസ്ഥൻ നൽകിയ അപ്പീലിനെ തുടർന്ന് ഈ ഉത്തരവ് പിൻവലിക്കുകയായിരുന്നു. ഉത്തരവ് പിൻവലിച്ച് അധികനാൾ കഴിയും മുൻപാണ് ഇപ്പോൾ വീണ്ടും ദാരുണമായ കൊലപാതകം നടന്നിരിക്കുന്നത്.

