വാഷിംഗ്ടൺ:ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ, കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തിന് ദോഷകരമായ സ്വാധീനം ചെലുത്തിയെന്ന കേസിൽ 567 ദശലക്ഷം ഡോളർ (ഏകദേശം 56.7 കോടി ഡോളർ) നൽകണമെന്ന് അമേരിക്കയിലെ ന്യൂ മെക്സിക്കോ കോടതി ഉത്തരവിട്ടു. യുവാക്കളുടെ മാനസികാരോഗ്യ സേവനങ്ങൾക്കായുള്ള പ്രത്യേക ഫണ്ടിലേക്കാണ് ഈ തുക നൽകേണ്ടത്. കൂടാതെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമുകളിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും കോടതി നിർദേശിച്ചു.
ന്യൂ മെക്സിക്കോ അറ്റോർണി ജനറൽ റൗൾ ടോറെസ് നൽകിയ കേസിൽ, മെറ്റയുടെ പ്ലാറ്റ്ഫോമുകൾ കുട്ടികളിൽ ആസക്തി സൃഷ്ടിക്കുകയും അവരുടെ ക്ഷേമത്തിന് ഹാനികരമാവുകയും ചെയ്തതായി കോടതി കണ്ടെത്തി. ഈ കേസിന്റെ ആദ്യഘട്ടത്തിൽ മെറ്റയ്ക്ക് 375 ദശലക്ഷം ഡോളർ സിവിൽ പിഴയും വിധിച്ചിരുന്നു. പുതിയ ഉത്തരവോടെ ആകെ സാമ്പത്തിക ബാധ്യത 942 ദശലക്ഷം ഡോളറിലെത്തി.
അഞ്ച് വർഷത്തേക്ക് നടപ്പാക്കേണ്ട നിരവധി സുരക്ഷാ നടപടികളും കോടതി നിർദേശിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത ഉപയോക്താക്കൾക്കായി കൂടുതൽ കർശനമായ പ്രായപരിശോധന സംവിധാനം, സ്‌ക്രീൻ സമയം നിയന്ത്രിക്കുന്ന സംവിധാനങ്ങൾ, സ്കൂൾ സമയത്തും രാത്രിയിലും അറിയിപ്പുകൾക്ക് നിയന്ത്രണം, എഐ ചാറ്റ്ബോട്ടുകൾക്കുള്ള അധിക സുരക്ഷാ സംവിധാനങ്ങൾ, കുട്ടികൾക്ക് ഹാനികരമായ ഉള്ളടക്കങ്ങൾക്കെതിരായ ശക്തമായ നടപടികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മെറ്റ അറിയിച്ചു. കുട്ടികളുടെയും കൗമാരക്കാരുടെയും ഓൺലൈൻ സുരക്ഷയ്ക്കായി നിരവധി സംവിധാനങ്ങൾ ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്നും കമ്പനി പ്രതികരിച്ചു.

