കണ്ണൂർ: കണ്ണൂർ മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച തിരുവനന്തപുരം സ്വദേശിയായ ആർ. രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന പരാതിയിൽ കണ്ണൂർ ജില്ലാ കലക്ടർ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ഫ്രീസർ സംവിധാനമില്ലാത്ത ആംബുലൻസിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയെന്ന ആരോപണത്തെ തുടർന്നാണ് നടപടി.
രാജേഷിന്റെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് വേണമെന്ന കുടുംബത്തിന്റെ ആവശ്യം അവഗണിക്കപ്പെട്ടതായാണ് പരാതി. തുടർന്ന് കണ്ണൂരിൽ നിന്ന് ഫ്രീസർ സംവിധാനമില്ലാത്ത ആംബുലൻസിൽ മൃതദേഹം കൊണ്ടുപോയി. യാത്രാമധ്യേ തൃശൂർ ചാവക്കാട് സമീപത്ത് റോഡരികിൽ വെച്ച് ഫ്രീസർ സംവിധാനമുള്ള മറ്റൊരു ആംബുലൻസിലേക്ക് മൃതദേഹം മാറ്റേണ്ടിവന്നതായും പരാതിയുണ്ട്.
കഴിഞ്ഞ ശനിയാഴ്ച കണ്ണൂർ മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ഒരാളെ രക്ഷിക്കുന്നതിനിടെ രാജേഷ് ഒഴുക്കിൽപ്പെടുകയായിരുന്നു. മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം തഹസിൽദാരുടെ നേതൃത്വത്തിലായിരുന്നു തുടർനടപടികൾ സ്വീകരിച്ചത്.
സംഭവം വാർത്തയായതിനെ തുടർന്നാണ് കലക്ടർ അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം, ഫ്രീസർ സംവിധാനമുള്ള ആംബുലൻസ് ലഭ്യമല്ലെന്ന വിവരം തങ്ങളെ അറിയിച്ചിരുന്നില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

