ഇടുക്കി: മലങ്കര ജലാശയത്തിൽ ഇളംദേശം ഭാഗത്തുള്ള പ്ലൈവുഡ് കമ്പനിയിൽ നിന്നും ഓയിൽ ഒഴുകിയെത്തിയതിനെ തുടർന്ന് മുട്ടം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള വിതരണ പമ്പിങ് നിർത്തിവെച്ചു. വെള്ളത്തിൽ വിഷാംശം കലർന്നിട്ടുണ്ടോ എന്ന് ശാസ്ത്രീയമായി പരിശോധിച്ചതിനു ശേഷം മാത്രമേ കുടിവെള്ള വിതരണം പുനഃാരംഭിക്കുകയുള്ളൂ എന്ന് മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി സതീഷ് അറിയിച്ചു.
മലങ്കര ജലാശയത്തിൽ വ്യാപകമായി രാസമാലിന്യം കലർന്നതായി നാട്ടുകാർ ആരോപിക്കുന്നു. കിലോമീറ്ററുകളോളം നീളത്തിൽ വെള്ളത്തിൽ എണ്ണപ്പാടയും രാസലായനിയും കെട്ടിക്കിടക്കുന്ന നിലയിലാണ്. ജലാശയത്തിൽ കുളിക്കാനിറങ്ങിയ നാട്ടുകാർക്ക് ശരീരത്തിൽ ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
സമീപത്ത് പ്രവർത്തിക്കുന്ന ചില ഫാക്ടറികളിൽ നിന്നുള്ള രാസമാലിന്യ ചോർച്ചയാണ് ഇതിന് കാരണമെന്ന് സംശയിക്കുന്നു. മുൻപും ഇത്തരത്തിൽ ജലാശയത്തിൽ വെളുത്ത പത ഒഴുകിവന്നിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസും മറ്റ് അധികൃതരും സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


