കാലടി പുതിയ പാലം നിർമ്മാണം 2027 ജനുവരി 15-നകം പൂർത്തിയാക്കും; പഴയ പാലം ഓണത്തിന് മുൻപ് ഗതാഗതയോഗ്യമാക്കാൻ അടിയന്തര നിർദ്ദേശം

കാലടി: കാലടി പുതിയ പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണിന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. പുതിയ പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ 2027 ജനുവരി 15-നകം പൂർത്തിയാക്കണമെന്ന് യോഗത്തിൽ നിർദ്ദേശം നൽകി.

നിലവിലുള്ള പഴയ പാലത്തിന്റെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി വരുന്ന ഓണത്തിന് മുൻപായി ഗതാഗതയോഗ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പാലത്തിന്റെ അറ്റകുറ്റപ്പണികൾ തടസ്സമില്ലാതെ നടത്തുന്നതിനായി വാരാന്ത്യങ്ങളിലും രാത്രികാലങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. ഇതിനായി ആവശ്യമായ കത്ത് പോലീസിന് കൈമാറാൻ യോഗത്തിൽ തീരുമാനമായി. മഴയില്ലാത്ത സമയങ്ങൾ കൃത്യമായി പ്രയോജനപ്പെടുത്തി പാലത്തിലെയും അപ്രോച്ച് റോഡുകളിലെയും ടാറിങ്, ടൈലിങ് പണികളും മറ്റ് അറ്റകുറ്റപ്പണികളും പൂർത്തിയാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ എം.എൽ.എ.മാരായ മനോജ് മൂത്തേടൻ, ടി.ജെ. വിനോദ്, ദീപക് ജോയ്, ഷിബു തെക്കുംപുറം, ജില്ലാ കളക്ടർ ജി. പ്രിയങ്ക, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ് കൂടാതെ മറ്റു ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *