കറാച്ചി:വിസ അപേക്ഷയിൽ തെറ്റായതും അപൂർണവുമായ വിവരങ്ങൾ നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പാകിസ്താൻ ആഭ്യന്തര ക്രിക്കറ്റർ ഹംസ നസറിന് രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തി. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (PCB) എല്ലാ ആഭ്യന്തര, അന്തർദേശീയ ക്രിക്കറ്റ് പ്രവർത്തനങ്ങളിൽ നിന്നുമാണ് താരത്തെ വിലക്കിയത്. ഒരു ദശലക്ഷം പാകിസ്താൻ രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
പിസിബി മുഖേന സമർപ്പിച്ച വിസ അപേക്ഷയിൽ ഹംസ നസർ പൂർണവും കൃത്യവുമായ വിവരങ്ങൾ വെളിപ്പെടുത്തിയില്ലെന്നും, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകുകയും പ്രധാന വിവരങ്ങൾ മറച്ചുവെക്കുകയും ചെയ്തുവെന്നാണ് മൂന്നംഗ അന്വേഷണ സമിതി കണ്ടെത്തിയത്. അന്വേഷണത്തിനിടെ ഹംസയ്ക്ക് വിശദീകരണം നൽകാൻ അവസരം നൽകിയ ശേഷമാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്.
സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് രണ്ട് വർഷത്തെ സസ്പെൻഷനും ഒരു ദശലക്ഷം പാകിസ്താൻ രൂപ പിഴയും ഏർപ്പെടുത്താൻ പിസിബി തീരുമാനിച്ചത്. സത്യവിരുദ്ധ വിവരങ്ങൾ നൽകുന്നതും വിവരങ്ങൾ മറച്ചുവെക്കുന്നതും പാകിസ്താൻ ക്രിക്കറ്റിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന ഗുരുതരമായ അച്ചടക്കലംഘനമാണെന്നും ഇത്തരം നടപടികളോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ബോർഡ് വ്യക്തമാക്കി.

