സിഡ്നി: ഓസ്‌ട്രേലിയയിലെ പ്രമുഖ സൂപ്പർമാർക്കറ്റുകളിൽ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ലേബലുകളിൽ വൻ തട്ടിപ്പുകൾ നടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഓസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. എ.ബി.സി ഫോർ കോർണേഴ്‌സ് നടത്തിയ വിപുലമായ അന്വേഷണത്തിലാണ് ജനങ്ങളെ വഞ്ചിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഉപഭോക്താക്കൾ പണം നൽകി വാങ്ങുന്ന ഉൽപ്പന്നങ്ങളിൽ കൃത്യവും സുതാര്യവുമായ വിവരങ്ങൾ നൽകിയിരിക്കണമെന്ന് എ.സി.സി.സി കമ്മീഷണർ ലൂക്ക് വുഡ്‌വാർഡ് വ്യക്തമാക്കി. എട്ട് മാസത്തോളം നീണ്ട അന്വേഷണത്തിന്റെ ഭാഗമായി ‘സോഴ്‌സ് സെർട്ടൻ’ എന്ന സ്വതന്ത്ര ലബോറട്ടറിയിൽ നടത്തിയ പരിശോധ നയിലാണ് ഈ വിവരക്കേടുകളും തട്ടിപ്പുകളും തെളിഞ്ഞത്. ഓസ്‌ട്രേലിയൻ അല്ലെങ്കിൽ ഇറ്റാലിയൻ എന്ന് ലേബൽ ചെയ്തിരുന്ന ഡസൻ കണക്കിന് തക്കാളി പേസ്റ്റുകളിൽ ഉപയോഗിച്ചിരിക്കുന്നത് ചൈനയിൽ നിന്നുള്ള തക്കാളിയാണെന്ന് പരിശോധനയിൽ തെളിഞ്ഞു. കൂടാതെ ഓസ്‌ട്രേലിയൻ എന്ന് വിശ്വസിപ്പിച്ച് വിറ്റിരുന്ന ചില കടൽവിഭവങ്ങൾ വിയറ്റ്നാമിൽ നിന്നുള്ളതാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
തെറ്റായ ലേബലുകൾ നൽകി ഉപഭോക്താക്കളെ വഞ്ചിക്കാൻ അനുവദിക്കില്ലെന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അസിസ്റ്റന്റ് കോമ്പറ്റീഷൻ മന്ത്രി ആൻഡ്രൂ ലീ അറിയിച്ചു. ഉൽപ്പന്നങ്ങൾ കൃത്യമായി പരിശോധിക്കാൻ അതിർത്തികളിൽ കർശന സുരക്ഷാ നടപടികൾ ഇല്ലാത്തതാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് കാരണമാകുന്നതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ തങ്ങളുടെ ഉൽപ്പന്നങ്ങളിൽ യാതൊരുവിധ മായവുമില്ലെന്നും പരിശോധനാ ഫലങ്ങൾ തെറ്റാണെന്നുമാണ് കോൾസ് ആൽഡി ലെഗോസ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ പ്രതികരണം.
അതേസമയം, പ്രവാസി മലയാളി കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്ന അതീവ ഗുരുതരമായ മറ്റൊരു കണ്ടെത്തലും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യൻ കുടുംബങ്ങളിൽ നിത്യേന ഉപയോഗിക്കുന്ന മഞ്ഞൾപ്പൊടിയിലാണ് അപകടകരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. വിപണിയിലുള്ള പ്രമുഖ ബ്രാൻഡുകളുടെ മൂന്ന് മഞ്ഞൾപ്പൊടികളിൽ ക്യാൻസറിന് വരെ കാരണമായേക്കാവുന്ന ലെഡ് ക്രോമേറ്റ് അയൺ ഓക്സൈഡ് എന്നിവ ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചു. ഉയർന്ന വില നൽകി വാങ്ങുന്ന പല പ്രീമിയം ബ്രാൻഡുകളിലും ഇത്തരത്തിൽ മായം കലർന്നിട്ടുണ്ടെന്ന കണ്ടെത്തൽ പ്രവാസി സമൂഹത്തിനിടയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.

