പത്തനംതിട്ട: കോന്നി ആനക്കൂട്ടിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു. കൊറ്റനാട് സ്വദേശിയായ മോഹനനാണ് (52) മരിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് ദുരന്തമുണ്ടായത്.
ആനക്കൂട്ടിലെ ‘നീന’ എന്ന ആനയുടെ പാപ്പാനായ മോഹനൻ, മറ്റ് പാപ്പാൻമാർ ഇല്ലാതിരുന്നതിനാൽ ‘പ്രിയദർശിനി’ എന്ന ആനയ്ക്ക് തീറ്റ കൊടുക്കാൻ പോയപ്പോഴാണ് ആക്രമണമുണ്ടായത്. പ്രിയദർശിനിയുടെ തുമ്പിക്കൈ കൊണ്ടുള്ള ശക്തമായ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മോഹനനെ ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
രണ്ടാം ശനിയാഴ്ച അവധിയായതിനാൽ സംഭവസമയത്ത് ആനക്കൂട്ടിൽ സന്ദർശകർ ആരും ഉണ്ടായിരുന്നില്ല.

