കണ്ണൂർ: കനത്ത മഴയെ തുടർന്ന് പഴശി ജലസേചന പദ്ധതിയുടെ ഭാഗമായ മട്ടന്നൂരിലെ കാര കനാൽ ഇടിഞ്ഞു. കനാൽ ഇടിഞ്ഞതിനെ തുടർന്ന് വെള്ളപ്പൊക്ക ഭീഷണിയിലായ സമീപത്തെ അഞ്ചു കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. വിവരമറിഞ്ഞ് മട്ടന്നൂർ അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കണ്ണൂർ ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നിലവിൽ ജില്ലയിൽ തീവ്രമഴ മുന്നറിയിപ്പിന്റെ ഭാഗമായി കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

